കാസര്‍കോട് : വനിതാ സംവരണ ബില്ലിനെ എതിര്‍ത്തതിലൂടെ വഞ്ചിച്ചത് കൂടുതല്‍ ജനപ്രതിനിധികളെ കിട്ടുമായിരുന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളെയെന്നും ഈ ബില്ലിനെ എക്കാലത്തുമായി കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് തടഞ്ഞുവെക്കാനാവില്ലെന്നും ബിജെപി സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത് പറഞ്ഞു. വനിതാസംവരണബില്‍ പരാജയപ്പെടുത്താന്‍ നേതൃത്വം നല്കിയ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ ബിജെപി ജില്ലാ കമ്മിറ്റി പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് സംഘടിപ്പിച്ച പ്രതിഷേധ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഈ ബില്‍ പാസായിരുന്നെങ്കില്‍ കേരളത്തിന് 30 ലോകസഭാ എംപിമാരെ ലഭിക്കുമായിരുന്നു. എന്നാല്‍ ബില്ലിനെ പരാജയപ്പെടുത്തിയതിലൂടെ നിലവിലുള്ള 20 ല്‍ നിന്നും നാലോ അഞ്ചോ സീറ്റുകള്‍ വരെ കുറയാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്.
വനിതാ സംവരണ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചതില്‍ രാഷ്ട്രീയ താല്‍പ്പര്യമില്ല. 2026 ല്‍ സെന്‍സസ് പൂര്‍ത്തിയായാല്‍ ഉടന്‍ അതിന്റെ അടിസ്ഥാനത്തില്‍ മണ്ഡല പുനര്‍നിര്‍ണ്ണയം നടക്കേണ്ടതുണ്ട്. അതിന് ശേഷം വനിതാ സംവരണ നടപടിക്രമങ്ങള്‍ ആരംഭിക്കുന്ന പക്ഷം അടുത്ത ലോകസഭാ തെരഞ്ഞെടുപ്പിലും 33 ശതമാനം സംവരണം നടപ്പാക്കാന്‍ സാധിക്കുമായിരുന്നില്ല. അതുകൊണ്ടാണ് ഈ ബില്‍ കൂടുതല്‍ വൈകിക്കാതെ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. ഷാ ബാനു കേസിലും മുത്തലാഖിലും കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള സ്ത്രീ വിരുദ്ധ നിലപാടുകള്‍ മുന്‍കാലത്തും പ്രകടമായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത്, നികുതി പരിഷ്കരണം നടപ്പാക്കിയത് ഉള്‍പ്പെടെയുള്ള ഐതിഹാസിക പരിഷ്ക്കാരങ്ങളുടെ കൂട്ടത്തില്‍ ഇടം നേടേണ്ടിയിരുന്ന ഒരു ബില്ലിനെയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ പരാജയപ്പെടുത്തിയതെന്നും ഇതിന് ഏറെ വില നല്‍കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിജെപി ജില്ലാ പ്രസിഡന്റ് എം.എല്‍. അശ്വിനി അദ്ധ്യക്ഷത വഹിച്ചു.
ബിജെപി ദേശീയ കൗണ്‍സില്‍ അംഗം പ്രമീള. സി. നായിക്, ബിജെപി സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സവിത ടീച്ചര്‍, സതീഷ് ചന്ദ്ര ഭണ്ഡാരി, ജില്ലാ വൈസ് പ്രസിഡന്റ് എച്ച്. ആര്. സുകന്യ, സെക്രട്ടറിമാരായ പുഷ്പ ഗോപാലന്, പ്രമീള മജല്‍, അശ്വിനി കെ.എം., മധൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുജ്നാനി ഷാന്‍ബാഗ്, ബെള്ളൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാലിനി, മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്റ് കെ. എസ്. രമണി, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ അനിത ആര് നായിക്, പ്രേമലത എസ്, ജയന്തി ഷെട്ടി എന്നിവര്‍ സംസാരിച്ചു.
കാസര്‍കോട് താളിപ്പടുപ്പ് മൈതാനത്ത് നിന്നും ആരംഭിച്ച പ്രതിഷേധ മാര്‍ച്ചില്‍ നൂറുകണക്കിന് വനിതകള്‍ പങ്കെടുത്തു.
