നീലേശ്വരം: ‘നീലേശ്വരം മണ്‍മതില്‍ വേണ്ട, വേണം ആകാശപ്പാത’ എന്ന പ്രമേയത്തില്‍ നീലേശ്വരത്ത് നടന്നുവരുന്ന ജനകീയ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരള മുസ്ലിം ജമാഅത്ത് നീലേശ്വരം സര്‍ക്കിള്‍ കമ്മിറ്റി സമരപ്പന്തലിലെത്തി. സര്‍ക്കിള്‍ ഭാരവാഹികളും ധാരാളം പ്രവര്‍ത്തകരും അണിനിരന്നതോടെ സമരപ്പന്തല്‍ ആവേശഭരിതമായി. നാടിന്റെ വികാരത്തോടൊപ്പം അണിചേര്‍ന്ന പ്രവര്‍ത്തകര്‍ സമരത്തിന് കരുത്തുപകര്‍ന്ന് ആവേശകരമായ മുദ്രാവാക്യങ്ങള്‍ മുഴക്കി. ജനകീയ പോരാട്ടങ്ങള്‍ക്ക് എന്നും മതഭേദമന്യേ പിന്തുണ നല്‍കുന്ന പാരമ്പര്യമാണ് കേരള മുസ്ലിം ജമാഅത്ത് ഉയര്‍ത്തിപ്പിടിക്കുന്നതെന്നും, നാടിന്റെ നന്മയ്ക്കായി നടക്കുന്ന ഈ പോരാട്ടം വിജയം കാണുന്നത് വരെ തങ്ങള്‍ കൂടെയുണ്ടാകുമെന്നും നേതാക്കള്‍ വ്യക്തമാക്കി. ജില്ലാസോണ്‍ കമ്മിറ്റികളിലെ പ്രമുഖ നേതാക്കളുടെ സാന്നിധ്യം ഐക്യദാര്‍ഢ്യ സമ്മേളനത്തിന് മാറ്റുകൂട്ടി.
കേരള മുസ്ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി വി.സി. അബ്ദുള്ള സഅദി മുഖ്യപ്രഭാഷണം നടത്തി. സര്‍ക്കിള്‍ പ്രസിഡന്റ് സുബൈര്‍ സഅദി, സെക്രട്ടറി അശ്‌റഫ് അശ്‌റഫി, വൈസ് പ്രസിഡന്റ് അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, മമ്മു കോട്ടപ്പുറം എന്നിവര്‍ സമരത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. പ്രദേശത്തെ നിരവധി സാമൂഹികസാംസ്‌കാരിക പ്രവര്‍ത്തകരും ചടങ്ങില്‍ സംബന്ധിച്ചു.
