ചെറുവത്തൂര്‍: മദിരാശി സംസ്ഥാനത്തില്‍ തെക്കന്‍ കര്‍ണ്ണാടക ജില്ലയിലെ കാസര്‍കോട് താലൂക്കിലെ കൊടക്കാട് ഗ്രാമത്തില്‍ പൊള്ളപ്പൊയിലില്‍ വടക്കില്ലം നാരായണന് നമ്പൂതിരിയുടെ നേതൃത്വത്തില്‍ ആരംഭിച്ച് 1926 ല്‍ ഗവണ്മെന്റില് നിന്ന് അംഗീകാരം നേടിയ വിദ്യാലയം പൊള്ളപ്പൊയില്‍ എ എല്‍ പി സ്കൂള്‍ ശതാബ്ദി നിറവിലേക്ക്. വിദ്യാലയ മികവിന്റെ ഭാഗമായി നിരവധി ബഹുമതികള്‍ കരസ്ഥമാക്കിയ സ്കൂളില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സ്മൃതി’26 ശതവാര്‍ഷികാഘോഷത്തിന് 29 ന് തുടക്കം കുറിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. മാര്‍ച്ച് മുതല്‍ ഡിസംബര്‍ വരെ നീണ്ടുനില്‍ക്കുന്ന വൈവിധ്യമാര്‍ന്ന പരിപാടികളോടെയാണ് നൂറാം വാര്‍ഷികം ആഘോഷിക്കുന്നത്. 29 ന് വൈകുന്നേരം 4 :30 ന് വെള്ളച്ചാലില്‍ നിന്ന് ആരംഭിക്കുന്ന വിളംബര ഘോഷയാത്ര പൂര്‍വ്വ വിദ്യാര്‍ത്ഥി ഡോ. പി. പുഷ്പാംഗദന് ഫ്ലാഗ് ഓഫ് ചെയ്യും. മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് ഏ.വി.രമണി നൂറു പന്തങ്ങളുടെ അക്ഷരദീപം തെളിയിച്ച് ശതാബ്ദി ആഘോഷത്തിന് തുടക്കം കുറിക്കും. 30 തിങ്കളാഴ്ച വൈകുന്നേരം 5.30 ന് കൈരളി ഓഡിറ്റോറിയത്തില്‍
സിനിമാതാരം പി.പി കുഞ്ഞി കൃഷ്ണന് സ്മൃതി 26 ന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വഹിക്കും. സംഘാടക സമിതി ചെയര്മാന് പി. പി.സുകുമാരന്‍ അധ്യക്ഷത വഹിക്കും.
ചടങ്ങില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ നേതൃത്വത്തില്‍ പൂര്വ്വധ്യാപകന് ടി.ടി. നാരായണ പൊതുവാള് മാസ്റ്ററുടെ സ്മരണക്കായി നിര്‍മ്മിക്കുന്ന ഓഡിറ്റോറിയം ഫണ്ട് അദ്ദേഹത്തിന്റെ മകന് പി. നാരായണനില്‍ നിന്ന് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ സെക്രട്ടറി പി.വി. രമേശന്ഏറ്റുവാങ്ങും.തുളുനാട് പുരസ്ക്കാരം കാസര്‍കോട് ഡി.പി.സി. വി.എസ്. ബിജുരാജ് വിദ്യാലയത്തിന് കൈമാറും. പഠന മികവ് തെളിയിച്ച കുട്ടികള്‍ക്കുള്ള ഉപഹാരം ചെറുവത്തൂര്‍ ബി.പി.സി വി. വി സുബ്രഹ്മണ്യന് , ടാലന്റ് എക്സാമിനേഷന് വിജയികള്‍ക്കുള്ള പുരസ്ക്കാരം സ്കൂള്‍ മാനേജര്‍ ഇ. ശങ്കരനാരായണ വാര്യര്‍, അറബിക് സോളര്ഷിപ്പ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന പ്രസിഡണ്ട് പി രാമചന്ദ്രന് എന്നിവര്‍ സമ്മാനിക്കും. സ്കൂളിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താനും പഠന നിലവാരം ഉയര്‍ത്താനും നാട്ടുകാരും പൂര്‍വ്വവിദ്യാര്‍ത്ഥികളും എല്ലാവിധ സഹായവും ചെയ്യുന്നുണ്ട്. പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ ഒമ്പത് ലക്ഷം രൂപ ചിലവില്‍ കളിപ്പന്തല്‍ നിര്‍മ്മിച്ച് നല്‍കും. വാര്‍ത്ത സമ്മേളനത്തില്‍ സംഘാടകസമിതി ചെയര്മാന് പിപി സുകുമാരന്‍, ജനറല്‍ കണ്‍വീനര്‍ പ്രദീപ് കൊടക്കാട് ,സ്കൂള്‍ മാനേജര്‍ ഇ. ശങ്കരനാരായണ വാര്യര്‍ , പ്രോഗ്രാം കമ്മിറ്റി ചെയര്മാന് പി രാമചന്ദ്രന് , കണ്‍വീനര്‍ എ ശ്രീഹരി ,സാമ്പത്തിക കമ്മിറ്റി ചെയര്മാന് പി.വി രമേശന് ,പി.ടി.എ പ്രസിഡണ്ട് പി പി രാമചന്ദ്രന്, മദര്‍ പി.ടി.എ പ്രസിഡണ്ട് സി.ഗ്രീഷ്മ, സ്റ്റാഫ് സെക്രട്ടറി പി.സീമ, എസ്.ആര്.ജി.കണ്‍വീനര്‍ ടി.വി.വിനീത എന്നിവര്‍ പങ്കെടുത്തു
