കാസര്‍കോട്: എല്ലാ അനുകൂല സാഹചര്യങ്ങള്‍ ഉണ്ടായിട്ടും അത് പ്രയോജനപ്പെടുത്താന്‍ സാധിക്കാതെ മലയാളികളെ പ്രവാസികളാക്കി മാറ്റിയത് കേരളം മാറി മാറി ഭരിച്ച ഇടത് വലത് മുന്നണികളാണെന്നും ഈ പ്രവാസികളുടെ സമ്പാദ്യമുപയോഗിച്ച് സംസ്ഥാനത്ത് നടന്ന വികസനത്തെ ഈ മുന്നണികളുടെ ഭരണനേട്ടമായി ചിത്രീകരിക്കുകയാണെന്നും പന്‍വേല്‍ എംഎല്‍എ പ്രശാന്ത് താക്കൂര്‍ പറഞ്ഞു. കാസര്‍കോട് നിയോജക മണ്ഡലം എന്‍ഡിഎ തെരഞ്ഞെടുപ്പ് കാര്യാലയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് ദശകങ്ങളായി പരിഹരിക്കപ്പെടാതെ കിടന്ന റോഡ് വികസനം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ നിറവേറ്റപ്പെട്ടത് കേന്ദ്രത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ വന്നതിന് ശേഷമാണെന്ന് ഉദ്ഘാടനം പൂര്‍ത്തിയായ ദേശീയ പാത 66 തലപ്പാടി ചെങ്കള റീച്ചിനെ പരാമര്‍ശിച്ച് അദ്ദേഹം പറഞ്ഞു.
ബിജെപി സംസ്ഥാന കമ്മിറ്റി അംഗവും കാസര്‍ഗോഡ് മണ്ഡലം എന്‍ഡിഎ കണ്‍വീനറുമായ രവീശ തന്ത്രി കുണ്ടാര്‍ അദ്ധ്യക്ഷത വഹിച്ചു.
എന്‍ഡിഎ സ്ഥാനാര്‍ത്ഥി എംഎല് അശ്വിനി, ബിജെപി ദേശീയ കൗണ്‍സില്‍ അംഗം എം. സഞ്ജീവ ഷെട്ടി, കോഴിക്കോട് മേഖല ജനറല്‍ സെക്രട്ടറി സുധാമ ഗോസാഡ, പന്‍വേല്‍ മുന്‍സിപ്പല്‍ കോര്പ്പറേഷന് കൗണ്‍സിലര്‍ സന്തോഷ് ഷെട്ടി, ബിജെപി സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി. രവീന്ദ്രന്, സതീഷ് ചന്ദ്ര ഭണ്ഡാരി, സവിത ടീച്ചര്‍ രാമപ്പ മഞ്ചേശ്വര, വേലായുധന്, ജില്ലാ ജനറല്‍ സെക്രട്ടറി എന്‍. ബാബുരാജ്, ജില്ലാ വൈസ് പ്രസിഡന്റ് പി. രമേശ്, ബദിയടുക്ക മണ്ഡലം പ്രസിഡന്റ് എം. ഗോപാലകൃഷ്ണന്, മണ്ഡലം ജനറല്‍ സെക്രട്ടറി രവീന്ദ്ര റൈ ഗോസാഡ, ശ്രീധര ബെള്ളൂര്‍, കാസര്‍ഗോഡ് മണ്ഡലം പ്രസിഡന്റ് ഗുരുപ്രസാദ് പ്രഭു, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ ശ്രീധര കൂട്ലൂ, ചന്ദ്രശേഖര്‍ ബി. എന്നിവര്‍ സംസാരിച്ചു.
കാസര്‍കോട് മണ്ഡലത്തിന്റെ പിന്നോക്കാവസ്ഥയ്ക്ക് കാരണം മുസ്ലിംലീഗ് : എംഎല് അശ്വിനി
കാസര്‍ഗോഡ് : ജില്ലയുടെ ഭരണ സിരാകേന്ദ്രം സ്ഥിതി ചെയ്യുന്ന മണ്ഡലത്തിന്റെ പിന്നോക്കാവസ്ഥയ്ക്ക് കാരണം ജില്ലാ രൂപീകരണം തൊട്ട് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന മുസ്ലിംലീഗാണെന്ന് കാസര്‍ഗോഡ് മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി എംഎല് അശ്വിനി പറഞ്ഞു. കാസര്‍ഗോഡ് നിയോജക മണ്ഡലം ഓഫീസ് ഉദ്ഘാടന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
കാസര്‍ഗോഡ് ജില്ല രൂപീകരിക്കപ്പെട്ട ശേഷം രണ്ട് എംഎല്‍എമാരാണ് മുസ്ലിംലീഗ് പ്രതിനിധികളായി നിയമസഭയിലെത്തിയത്. ഭാഷാന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങള്‍ ഉള്‍പ്പെടെ മുസ്ലിംലീഗ് എം.എല്‍.എമാര്‍ അവഗണിച്ചു. സംസ്ഥാനത്ത് ഇടത് വലത് മുന്നണികളുടെ വികസന വിരുദ്ധ നയങ്ങളും അഴിമതിയും ചുവപ്പ് നാടുകളും കാരണം കാസര്‍ഗോഡ് ജില്ലയിലെ സംരംഭകര്‍ പോലും തൊട്ടടുത്ത ജില്ലകളിലാണ് സംരംഭങ്ങള്‍ തുടങ്ങുന്നതെന്നും അശ്വിനി ചൂണ്ടിക്കാട്ടി.
