നീലേശ്വരം: സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ നീലേശ്വരം ദേശീയ തലത്തില്‍ നേടിയ ആറു അവാര്‍ഡുകളുടെ നേട്ടം ആഘോഷിക്കുന്നതിനായി കുടുംബസംഗമം സംഘടിപ്പിച്ചു. പടന്നക്കാട് ബേക്കല്‍ ക്ലബ്ബില്‍ നടന്ന ചടങ്ങ് സിനിമാതാരം സിബി തോമസ് ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ ദേശീയ ഉപാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട കഴിഞ്ഞ വര്‍ഷത്തെ പ്രസിഡണ്ട് എം നാരായണന് നായരേയും, കാസര്‍കോട് പ്രസ് ക്ലബ്ബിന്റെ കെ.കൃഷ്ണന് സ്മാരക പത്രപ്രവര്‍ത്തക അവാര്‍ഡ് നേടിയ മലയാള മനോരമ നീലേശ്വരം ലേഖകന്‍ സന്ദീപ് ചന്ദ്രനെയും, തുളുനാട് മാധ്യമ അവാര്‍ഡ് നേടിയ മാതൃഭൂമി നീലേശ്വരം ലേഖിക ശ്വേത മേലത്തിനെയും ആദരിച്ചു. സമൂഹത്തിനും മാധ്യമ രംഗത്തിനും അവര്‍ നല്കിയ സംഭാവനകള്‍ ചടങ്ങില്‍ പ്രശംസിക്കപ്പെട്ടു. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച അംഗങ്ങളുടെ മക്കളായ പി നിവേദ്, കെ നിരഞ്ജന, ജഗത് ജയചന്ദ്രന് എന്നിവരെയും അനുമോദിച്ചു .
സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ നീലേശ്വരം പ്രസിഡന്റ് കെ. ഗിരീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ദീപേഷ് പി.കെ. സ്വാഗതവും ട്രഷറര്‍ ഡോ. പി രതീഷ് നന്ദിയും രേഖപ്പെടുത്തി. ദേശീയ കോര്‍ഡിനേറ്റര്‍ എം നാരായണന് നായര്‍, മുന്‍ ദേശീയ അധ്യക്ഷന്‍ ഡോ എ മുരളീധരന്, ഡോ സുലേഖ രാമകൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
