മതമൈത്രിയുടെ സന്ദേശവുമായി കാഞ്ഞങ്ങാട് നഗരസഭ കുടുംബശ്രീ സിഡിഎസ് 2 ഇഫ്താര്‍ സംഗമം നടത്തി

കാഞ്ഞങ്ങാട്: സമൂഹത്തില്‍ വനിതകള്‍ക്ക് തുല്യതയും സാമ്പത്തിക ഭദ്രതയും നേതൃത്വപാടവവും ഉറപ്പുവരുത്തുന്നതിനായി വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കാഞ്ഞങ്ങാട് നഗരസഭ കുടുംബശ്രീ സിഡിഎസ് 2, മാനവ സ്‌നേഹത്തിന്റെയും മതസൗഹാര്‍ദ്ദത്തിന്റെയും സന്ദേശം പകര്‍ന്ന് ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. കുടുംബശ്രീ അംഗങ്ങള്‍ വീടുകളില്‍ നിന്ന് തയ്യാറാക്കി കൊണ്ടുവന്ന പലഹാരങ്ങള്‍ പരസ്പരം കൈമാറിയാണ് മാതൃകാപരമായ ഇഫ്താര്‍ സംഗമം നടത്തിയത്. പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും വ്രതം അനുഷ്ഠിക്കുകയും ചെയ്ത സിഡിഎസ് 2 ചെയര്‍പേഴ്‌സണ്‍ പി.വി. രത്‌നാവതിക്ക് വ്രതം മുറിക്കാനുള്ള ശീതളപാനീയം നല്‍കി നഗരസഭാ ചെയര്‍മാന്‍ വി.വി. രമേശന്‍ ഇഫ്താര്‍ സംഗമം ഉദ്ഘാടനം ചെയ്തു. മരാമത്ത് സ്ഥിരം സമിതി അധ്യക്ഷ ഫൗസിയ ഷെരീഫ് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ എം. വിജയന്‍, കൗണ്‍സിലര്‍ കെ. രുക്മണി, സിഡിഎസ് 1 ചെയര്‍പേഴ്‌സണ്‍ എം. പുഷ്പലത, കുടുംബശ്രീ മെമ്പര്‍ സെക്രട്ടറി എന്‍.വി. ദിവാകരന്‍ എന്നിവര്‍ സംസാരിച്ചു. കൗണ്‍സിലര്‍മാര്‍, ജീവനക്കാര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ ഉദ്യോഗസ്ഥര്‍, കുടുംബശ്രീ അംഗങ്ങള്‍, പൊതുപ്രവര്‍ത്തകര്‍ തുടങ്ങി നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു. സിഡിഎസ് 2 ചെയര്‍പേഴ്‌സണ്‍ പി.വി. രത്‌നാവതി സ്വാഗതവും വൈസ് ചെയര്‍പേഴ്‌സണ്‍ കെ. പ്രഭ നന്ദിയും പറഞ്ഞു.

 

error: Content is protected !!