മഴയെത്തും മുമ്പേ നഗരം മനോഹരം ആക്കാന്‍ മാസ് ക്ലീനിങ്ങും ആയി കാഞ്ഞങ്ങാട് നഗരസഭ ശുചീകരണ യജ്ഞം തുടങ്ങി

കാഞ്ഞങ്ങാട്:മഴക്കാലം എത്തുന്നതിനു മുന്‍പ് സാംക്രമിക രോഗങ്ങളും, മറ്റു പ്രയാസങ്ങളും മാറ്റി നഗരം മനോഹരവും ശുചിത്വവും ഉറപ്പാക്കുന്നതിന് ജനകീയ മാസ് ക്ലീനിങ് യജ്ഞവുമായി കാഞ്ഞങ്ങാട് നഗരസഭ. അലാമി പള്ളി പുതിയ ബസ്റ്റാന്‍ഡ് പരിസരത്തു നിന്നും ആരംഭിച്ച ശുചീകരണ യജ്ഞത്തില്‍ കൗണ്‍സിലര്‍മാര്‍, നഗരസഭാ ജീവനക്കാര്‍, ഹരിത കര്‍മ്മ സേന അംഗങ്ങള്‍, ശുചീകരണ വിഭാഗം തൊഴിലാളികള്‍, കുടുംബശ്രീ അംഗങ്ങള്‍, പൊതുജനങ്ങള്‍ തുടങ്ങി നിരവധി ആളുകള്‍ പങ്കെടുത്തു. ആദ്യദിവസം ആലാമി പള്ളി ബസ് സ്റ്റാന്‍ഡ് പരിസരം, ഓടകള്‍, വെള്ളം കെട്ടി നില്‍ക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍, മേല്‍ക്കൂരകള്‍ തുടങ്ങിയ വിവിധ സ്ഥലങ്ങള്‍ ശുചീകരിച്ചു. ശുചീകരിച്ച സ്ഥലങ്ങള്‍ സുന്ദരമാക്കുന്നതിനായി ചെടികള്‍ വെച്ചു പിടിപ്പിക്കുന്നതിന്റെ ഭാഗമായി കുടുംബശ്രീ അംഗങ്ങള്‍, ഹരിത കര്‍മ്മ സേന അംഗങ്ങള്‍ , പൊതുജനങ്ങള്‍ തുടങ്ങിയവരില്‍ നിന്നും ചെടികള്‍ ശേഖരിക്കുന്നതിന്റെ ഉദ്ഘാടനവും നടന്നു. മാസ് ക്ലീനിംഗ് യജ്ഞം നഗരസഭാ ചെയര്‍മാന്‍ വിവി രമേശന്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സണ്‍ ലതാ ബാലകൃഷ്ണന്‍ അധ്യക്ഷനായി. കൗണ്‍സിലര്‍മാരായ എന്‍ ഉണ്ണികൃഷ്ണന്‍, സന്തോഷ് കുശാല്‍നഗര്‍, എം സേതു, പി വി വിദ്യാലത , എം സജിത , കെ ഗീത, സി രേഷ്മ ,കെ വി രതീഷ്,മണി അനന്തംപള്ള തുടങ്ങിയവര്‍ പങ്കെടുത്തു.കൗണ്‍സിലര്‍ കെ ടി സവിതകുമാരി സ്വാഗതവും ക്ലീന്‍ സിറ്റി മാനേജര്‍ പി വി ബൈജു നന്ദിയും പറഞ്ഞു.

 

error: Content is protected !!