പുല്ലൂര്‍ : താളിക്കുണ്ട് ചെറിയ ഇടച്ചി താനത്തിങ്കാല്‍ വയനാട്ടുകുലവന്‍ തെയ്യംകെട്ടിന് തിരി തെളിഞ്ഞു.
പുല്ലൂര്‍ അടോട്ട് മൂത്തേടത്ത് കുതിര് പഴയ സ്ഥാനം പാടാര്‍കുളങ്ങര ഭഗവതി ദേവസ്ഥാന പരിധിയില്‍ വരുന്ന പുല്ലൂര്‍ താളിക്കുണ്ട് ചെറിയ ഇടച്ചി താനത്തിങ്കാല്‍ വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത് വയനാട്ട് കുലവന് തെയ്യംകെട്ടിന് ആചാരാനുഷ്ഠാനങ്ങളുടെ നിറവില്‍ തുടക്കമായി. കൈവീത് ചടങ്ങോട് കൂടിയാണ് തെയ്യം കെട്ടിന്റെ ചിലമ്പൊലി താളത്തിന് തുടക്കമിട്ടത്. മറക്കളത്തില്‍ തെയ്യം കൂടല്‍ ചടങ്ങും തോറ്റവും നടന്നു. ഇന്ന് വൈകിട്ട് നാലിന് കാര്‍ന്നോന്‍ തെയ്യത്തിന്റെ വെള്ളാട്ടവും 6ന് കോരച്ചന്‍ തെയ്യത്തിന്റെ വെള്ളാട്ടവും രാത്രി 7ന് കണ്ടനാര്തെയ്യത്തിന്റ വെള്ളാട്ടവും അരങ്ങിലെത്തും. തുടര്‍ന്ന് മറക്കളത്തില്‍ ഭക്തി നിര്‍ഭരമായ ബപ്പിടല്‍ ചടങ്ങ് നടക്കും. രാത്രി12 ന് വയനാട്ടുകുലവന്‍ തെയ്യത്തിന്റെ വെള്ളാട്ടവും നാളെ പുലര്‍ച്ചെ ഒന്നിന് വിഷ്ണുമൂര്ത്തിയുടെ തിടങ്ങലും നടക്കും. രാവിലെ 7ന് കാര്‍ന്നോന്‍ തെയ്യവും 9ന് കോരച്ചന്‍ തെയ്യവും 12 ന് കണ്ടനാര്‍ കേളന് തെയ്യവും അരങ്ങിലെത്തും. വൈകിട്ട് 4ന് വയനാട്ടു കുലവന് തെയ്യത്തിന്റെ പുറപ്പാടും തുടര്‍ന്ന് ചൂട്ടൊപ്പിക്കല്‍ ചടങ്ങും വിഷ്ണുമൂര്ത്തിയുടെ പുറപ്പാടും നടക്കും. രാത്രി10 ന് ആചാരാനുഷ്ഠാന പ്രകാരമുള്ള മറപിളര്‍ക്കല്‍ ചടങ്ങും തുടര്‍ന്ന് നടക്കുന്ന കൈവീതോടുകൂടി വയനാട്ടുകുലവന്‍ തെയ്യം കെട്ടിന് സമാപനമാകും.
