കാഞ്ഞങ്ങാട്: ലോകപ്രശസ്ത ആധുനിക ഇന്ത്യന്‍ ചരിത്രകാരനും ചരിത്രരചനയെ സമര വേദിയാക്കി മാറ്റുകയും ചെയ്ത ഡോ. കെ എന്‍ പണിക്കരുടെ നിര്യാണത്തില്‍ കാഞ്ഞങ്ങാട് കെ. മാധവന്‍ ഫൗണ്ടേഷന്‍ അനുശോചനം രേഖപെടുത്തി. ധൈഷണിക ഇന്ത്യ ചരിത്ര രചനയില്‍ അമൂല്യമായ സംഭാവന നല്‍കിയ പ്രമുഖ ചരിത്രകാരനാണ് അദ്ദേഹം. കൊളോണിയല്‍ അധിനിവേശ കാലഘട്ടത്തിലെ ബൗദ്ധിക ചരിത്രമാണ് അദ്ദേഹത്തിന്റെ മുഖ്യമായ പഠനമേഖല. കേരള ചരിത്ര കൗണ്‍സില്‍, ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസ് എന്നിവയുടെ അദ്യക്ഷനായി പ്രവര്‍ത്തിച്ചു. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍, കാലടി ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. കെ മാധവന്റെ ആത്മകഥയായ ഒരു ഗാന്ധിയന്‍ കമ്മ്യൂണിസ്റ്റിന്റെ ഓര്‍മ്മകള്‍ എന്ന പുസ്തകത്തിന് ആമുഖമെഴുതിയത് ഡോ. കെ.എന്‍. പണിക്കരാണ്. കെ. മാധവന്‍ ഫൗണ്ടേഷന്‍ നല്‍കിവരുന്ന പ്രമുഖ വ്യക്തികള്‍ക്കുള്ള കെ മാധവന്‍ പുരസ്‌കാരം കഴിഞ്ഞ വര്‍ഷം അദ്ദേഹത്തിനാണ് നല്‍കിയത്. തിരുവനന്തപുരത്ത് അദ്ദേഹത്തിന്റെ വീട്ടില്‍ വച്ച് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പുരസ്‌കാരം സമ്മാനിച്ചത്.
