അതിയാമ്പൂര്‍ ബാലബോധിനി പുരസ്‌കാരം നീലേശ്വരം പള്ളിക്കര വിദ്യാപോഷിണി വായനശാല ആന്റ് ഗ്രന്ഥാലയത്തിന് സമ്മാനിച്ചു.

കാഞ്ഞങ്ങാട് : കാസര്‍കോട് ജില്ലയിലെ മികച്ച പ്രവര്‍ത്തനം നടത്തുന്ന ഗ്രന്ഥശാലയ്ക്കുള്ള ബാലബോധിനി പുരസ്‌കാരം നീലേശ്വരം പള്ളിക്കര വിദ്യാപോഷിണി വായനശാല ആന്റ് ഗ്രന്ഥാലയത്തിന് ഉത്സവാന്തരീക്ഷം നിറഞ്ഞ ചടങ്ങില്‍ സമ്മാനിച്ചു. ജില്ലയില്‍ സാമൂഹ്യ സേവന രംഗത്ത് ഓരോ വര്‍ഷവും മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഗ്രന്ഥാലയത്തിന് അതിയാമ്പൂര്‍ ബാലബോധിനി ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ പരേതരായ കെ പി കുഞ്ഞമ്പു നായരുടെയും പി മാണി അമ്മയുടെയും സ്മരണയ്ക്ക് മക്കള്‍ ഏര്‍പ്പെടുത്തിയ എന്‍ഡോവ്‌മെന്റ് പ്രകാരമുള്ള നാലാമത് പുരസ്‌കാരമാണിത്. അഞ്ചാം ലൈബ്രറി കൗണ്‍സിലിന്റെ സെക്രട്ടറിയും ബാലബോധിനിയുടെ പ്രവര്‍ത്തകനുമായ അഡ്വ.പി അപ്പുക്കുട്ടന് സംസ്ഥാനത്തെ മികച്ച ഗ്രന്ഥശാല പ്രവര്‍ത്തകനുള്ള 25000 രൂപയും കുറ്റിക്കോല്‍ നെരൂദ ഗ്രന്ഥാലയം സാമൂഹ്യ പ്രവര്‍ത്തകനായിരുന്ന എം രാമകൃഷ്ണന്റെ സ്മരണയ്ക്ക് ഏര്‍പ്പെടുത്തിയ 10000 രൂപ അവാര്‍ഡും ലഭിക്കുകയുണ്ടായി. ഈ തുകയ്‌ക്കൊപ്പം 2 ലക്ഷം രൂപ അപ്പുക്കുട്ടന്റെ കുടുംബാംഗങ്ങള്‍ സ്ഥിരനിക്ഷേപമായും ചേര്‍ത്താണ് ഓരോ വര്‍ഷവും 11111 രൂപയുടെ പുരസ്‌കാരവും പ്രശസ്തി പത്രവും, ട്രോഫിയും സമ്മാനിക്കുന്നത്. കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ. ധര്‍മരാജ് അടാട്ട് ഉദ്ഘാടനവും പുരസ്‌കാര സമര്‍പ്പണവും നിര്‍വഹിച്ചു. കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി വി രമേശന്‍ അധ്യക്ഷനായി. അവാര്‍ഡ് നേടിയ ഗ്രന്ഥശാലയെ അഡ്വ. പി അപ്പുക്കുട്ടന്‍ പരിചയപ്പെടുത്തി. പി വി കെ പനയാല്‍, ഡോ. പി പ്രഭാകരന്‍, അഡ്വ. കെ രാജ്‌മോഹന്‍, എം രാഘവന്‍, പി വേണുഗോപാലന്‍, എന്‍ ഗോപി, എം സേതു, പി വി വിദ്യാലത, എം പുഷ്പലത, സി ശശിധരന്‍, കെ കെ നാരായണന്‍, എ കെ ആല്‍ബര്‍ട്ട്, എ കെ രസിക്,എന്‍ ഗീത എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് റിഥം മ്യൂസിക്കിന്റെ മെഗാഹിറ്റ് ഗാനമേള അരങ്ങേറി

 

error: Content is protected !!