ഒരേ ഒരു കാനായി ചിത്രപ്രദര്‍ശനം ഇന്ന് സമാപിക്കും

കാഞ്ഞങ്ങാട്: ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ നടന്നു വരുന്ന പ്രമുഖ ശില്പി കാനായി കുഞ്ഞിരാമന് ആദരമര്‍പ്പിച്ചു കൊണ്ട് ചിത്രകാര്‍ കേരള സംഘടിപ്പിച്ചു വരുന്ന ‘ഒരേ ഒരു കാനായി’ ചിത്രപ്രദര്‍ശനം ഇന്ന് സമാപിക്കും. കേരളത്തിന്റെ പൊതുഇടങ്ങളില്‍ ശില്പങ്ങള്‍ നിര്‍മ്മിച്ച് ശില്പ കലാസ്വാദനത്തിന് പുതിയ അര്‍ത്ഥതലം നല്‍കിയ ശില്പി കാനായി കുഞ്ഞിരാമന് മലയാളി ചിത്രകാരന്മാര്‍ നല്‍കിയ ചിത്രാദരം കാണാന്‍ സമൂഹത്തിന്റെ നന്നാഭാഗത്തു നിന്നുള്ളവര്‍ ഗാലറിയിലെത്തി. പൊതു ഇട ശില്പങ്ങളിലൂടെ ശില്പകലയില്‍ അനിതരസാധാരണമായ വഴി വെട്ടിത്തുറന്ന കാനായി കുഞ്ഞിരാമന് ചിത്രകലാ കൂട്ടായ്മയായ ചിത്രകാര്‍ കേരള യാണ് കാഞ്ഞങ്ങാട് ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ ചിത്രാദരം സംഘടിപ്പിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രശസ്തരും പല മേഖലയിലുള്ള സാധാരണക്കാരുമായ നൂറുകണക്കിന് കലാസ്‌നേഹികള്‍ ഗാലറിയില്‍ എത്തി. ചാര്‍ക്കോള്‍, പെന്‍സില്‍, വാട്ടര്‍ കളര്‍, അക്രലിക്, ഡിജിറ്റല്‍ മീഡിയ, കൊളാഷ് തുടങ്ങിയ മാധ്യമത്തിലാണ് സൃഷ്ടികള്‍. പല ചിത്രങ്ങളിലും പശ്ചാത്തലമായി കാനായി കുഞ്ഞിരാമന്റെ ശില്പങ്ങളും ആവര്‍ത്തിച്ച് വരുന്നു. മലമ്പുഴയിലെ യക്ഷി, ശംഖുമുഖത്തെ സാഗരകന്യക, കോട്ടയത്തെ അക്ഷരശില്പം, പാലക്കാട്ടെ നന്തി, പയ്യാമ്പലത്തെ തെയ്യ ശില്പങ്ങള്‍ തുടങ്ങിയവ അവയില്‍ ചിലതാണ്. ചിത്രകാരന്‍ രാജേന്ദ്രന്‍ പുല്ലൂരാണ് പ്രദര്‍ശനത്തിന്റെ കോഡിനേറ്റര്‍. ചിത്രകാര്‍ കേരളയാണ് പ്രദര്‍ശനത്തിന് ചുക്കാന്‍ പിടിച്ചത്.

 

error: Content is protected !!