തണ്ണിമത്തന്‍ കൃഷിയില്‍ വിജയഗാഥയുമായി രാവണേശ്വരം തണ്ണോട്ടെ ഉമ ജെ. എല്‍.ജി. ഗ്രൂപ്പ്

പെരിയ : അജാനൂര്‍ ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡ് രാവണേശ്വരം തണ്ണോട്ട് തണ്ണിമത്തന്‍ കൃഷിയില്‍ വിജയഗാഥ രചിച്ച് കുടുംബശ്രീ ഉമ ജെ. എല്‍. ജി ഗ്രൂപ്പിലെ അംഗങ്ങള്‍. രണ്ടായിരത്തി പന്ത്രണ്ടില്‍ ആറ് അംഗങ്ങള്‍ ചേര്‍ന്ന് രൂപീകരിച്ചതാണ് ഉമ. മൂന്ന് ഏക്കറോളം വരുന്ന തരിശുഭൂമി നെല്‍കൃഷി ചെയ്ത് കൃഷി യോഗ്യമാക്കി മാറ്റി കൊണ്ടാണ് ഇവര്‍ കാര്‍ഷിക വൃത്തിയില്‍ തങ്ങളുടേതായ കഴിവ് തെളിയിച്ചത്. അന്ന് മുതല്‍ ഇന്നുവരെ ഇവര്‍ ഈ സംരംഭം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. കാലത്തിനനുസരിച്ച് കൃഷി രീതിയില്‍ മാറ്റം വരുത്തി കൊണ്ട് 2022 ല്‍ മോഡല്‍ സി.ഡി.എസിന്റെ ഭാഗമായി ഒരു ഏക്കര്‍ സ്ഥലത്ത് ചെണ്ടുമല്ലി കൃഷിയും ചെയ്തിരുന്നു. ഇതില്‍ വലിയ ലാഭം ഒന്നും കിട്ടിയില്ലെങ്കിലും കൃഷി രീതിയില്‍ ഒരു പുതുമ പരീക്ഷിക്കുന്നതിന് ഇവര്‍ക്ക് സാധിച്ചു. തണ്ണിമത്തന്‍ കൃഷിയിലും വലിയ ലാഭമൊന്നും പ്രതീക്ഷിച്ചുകൊണ്ടല്ല ഇവര്‍ കൃഷിയിലേക്ക് തിരിഞ്ഞത്. കൃഷിയോടുള്ള ഇഷ്ടം കൊണ്ടാണ് അംഗങ്ങളായ രജനി ശശി, ശോഭ സുരേന്ദ്രന്‍, സാവിത്രി നാരായണന്‍, പി. സരസ്വതി എന്നിവര്‍ ചേര്‍ന്ന് തണ്ണിമത്തന്‍ കൃഷി ചെയ്തിരിക്കുന്നത്. ചോളം, വെള്ളരി, മത്തന്‍,കുമ്പളം, പയര്‍ എന്നിങ്ങനെയുള്ള കൃഷിയും മഴക്കാലത്ത് നെല്‍കൃഷി, മധുരക്കിഴങ്ങ്, വെണ്ട, കപ്പ കൃഷിയും ഇവര്‍ ചെയ്തു പോരുന്നു. 14 വര്‍ഷത്തെ പ്രയത്‌നം ഇവരെ നല്ലൊരു കര്‍ഷകരാക്കി മാറ്റുന്നതിന് സഹായകമായി. ജില്ലാ മിഷന്റെ ഭാഗത്തുനിന്ന് നാമ മാത്രമായ സഹായം ലഭിക്കുന്നുണ്ടെങ്കിലും ഭാവിയില്‍ കൃഷി വികസനത്തിന് ആവശ്യമായ കൂടുതല്‍ സഹായം പഞ്ചായത്ത് തലങ്ങളില്‍നിന്ന് ലഭിക്കുമെന്ന് ഇവര്‍ക്ക് പ്രത്യാശയുണ്ട്. കാട്ടുപന്നിയുടെയും മയിലിന്റെയും ശല്യം കൃഷിയുടെ വിജയത്തിന് ഇവര്‍ക്ക് വിലങ്ങു തടിയായി നില്‍ക്കുന്നു. 2026 വര്‍ഷത്തെ തണ്ണിമത്തന്‍ കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. വി. തുളസി നിര്‍വഹിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ രതീഷ് വെള്ളംതട്ട അധ്യക്ഷത വഹിച്ചു. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ അശ്വിനി രവി, സി.ഡി.എസ് മെമ്പര്‍ എം. എസ്.ബ്രീജ, വാര്‍ഡ് കുടുംബശ്രീ എ. ഡി. എസ് സെക്രട്ടറി, പ്രസിഡന്റുമാരായ ശ്യാമളനാരായണന്‍ , ഗീതവിജയന്‍ എന്നിവര്‍ സംസാരിച്ചു ജെ. എല്‍. ജി പ്രസിഡന്റ് രജനി ശശി, പി സരസ്വതി എന്നിവര്‍ കൃഷി രീതിയെക്കുറിച്ച് സംസാരിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ രതീഷ് കുമാര്‍ കാലിക്കടവ്, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഒ.മനു, ബ്ലോക്ക് കോഡിനേറ്റര്‍ രജനി, അഗ്രി സി.പി. ശ്രുതി എന്നിവരും പങ്കെടുത്തു.മുന്‍ സി.ഡി.എസ് മെമ്പര്‍ ശ്യാമള ശ്രീധരന്‍ സ്വാഗതം പറഞ്ഞു.

 

error: Content is protected !!