ആദൂര്‍ മോഷണം: പ്രതി പിടിയില്‍; നാല്‍പ്പതിനായിരം രൂപയുടെ സാധനങ്ങള്‍ കണ്ടെടുത്തു

ആദൂര്‍: മൂളിയാര്‍ പൊവ്വല്‍ പി.എ. കോംപ്ലക്‌സ് ക്വാര്‍ട്ടേഴ്‌സില്‍ നടന്ന കവര്‍ച്ചാ കേസ് പ്രതിയെ ആദൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ചെര്‍ക്കള ചെങ്കള വില്ലേജിലെ ബാലടുക്കം ഹൗസില്‍ മുഹമ്മദ് ഹനീഫ (48) ആണ് പിടിയിലായത്. കഴിഞ്ഞ ഫെബ്രുവരി 25ന് രാവിലെ 11നും രാത്രി 11.00നും ഇടയിലുള്ള സമയത്താണ് മോഷണം നടന്നത്. വാതില്‍ കുത്തിത്തുറന്ന് അകത്തുകടന്ന പ്രതി ബെഡ്‌റൂമില്‍ സൂക്ഷിച്ചിരുന്ന ലാപ്‌ടോപ്പും മറ്റ് സാമഗ്രികളും കവരുകയായിരുന്നു. 35,000 രൂപ വില വരുന്ന ലാപ്‌ടോപ്പും ചാര്‍ജറും, 2,000 രൂപ വിലയുള്ള മൈക്രോഫോണ്‍, 300 രൂപ അടങ്ങിയ പേഴ്‌സ്, ലാപ്‌ടോപ്പ് ബാഗ് ഉള്‍പ്പെടെ ഏകദേശം 40,000 രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. ആദൂര്‍ പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ എം.എസ് ജോണ്‍ പ്രതിയെ അറസ്റ്റ് ചെയ്തത്.

 

error: Content is protected !!