കാസര്‍കോട് ജില്ലാതല ക്രിയേറ്റീവ് ഫെസ്റ്റിന് എ സി കെ എന്‍ എസ് മേലാങ്കോട്ട് സ്‌കൂളില്‍ ആവേശോജ്വല തുടക്കം

കാഞ്ഞങ്ങാട്: കാസര്‍കോട് ജില്ലാതല ക്രിയേറ്റീവ് ഫെസ്റ്റിന് എ സി കെ എന്‍ എസ് മേലാങ്കോട്ട് സ്‌കൂളില്‍ തുടക്കമായി. കുട്ടികള്‍ തയ്യാറാക്കിയ പഠനോല്‍പ്പന്നങ്ങളുടെയും, നേടിയ നൈപുണികളുടേയും പ്രദര്‍ശനവും, ക്രിയേറ്റീവ് ലൈവ് സെഷനുകളും ഉള്‍പ്പെടുന്നതാണ് ക്രിയേറ്റീവ് ഫെസ്റ്റ്. തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കാനും, കുട്ടികളില്‍ ജീവിത നൈപുണി വളര്‍ത്തിയെടുക്കാനും, പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാനും, സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട 300 600 ലധികം പൊതുവിദ്യാലയങ്ങളില്‍ സമഗ്രശിക്ഷാ കേരളം കുസാറ്റുമായി സഹകരിച്ച്, ക്രിയേറ്റീവ് കോര്‍ണറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ജില്ലാതല ക്രിയേറ്റീവ് ഫെസ്റ്റിന്റെ ഉദ്ഘാടനം കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി. വി രമേശന്‍ നിര്‍വ്വഹിച്ചു. സ്‌കൂള്‍ പി ടി എ പ്രസിഡന്റ് അഡ്വ. കെ. വിനോദ് കുമാര്‍ അധ്യക്ഷത വഹിച്ചു. എസ് എസ് കെ ജില്ലാ പ്രൊജക്റ്റ് കോഡിനേറ്റര്‍ വി.എസ്.ബിജുരാജ് പദ്ധതി വിശദീകരണം നടത്തി. മഹമൂദ് മുറിയനാവി, വിദ്യാലത, സേതു കുന്നുമ്മല്‍, പ്രശാന്ത്, രോഹിന്‍ രാജ് കെ എ എസ് ( ഡി ഇ ഒ, കാഞ്ഞങ്ങാട് ), സുരേന്ദ്രന്‍. കെ (എ ഇ ഒ ഹോസ്ദുര്‍ഗ് ), രഘുറാം ഭട്ട് ( ഡയറ്റ് പ്രിന്‍സിപ്പല്‍ ), അഡ്വ. വി. അപ്പുക്കുട്ടന്‍, പ്രദീപന്‍. കെ.വി , സീമ കെ.ടി, മോഹനന്‍ ( പ്രധാന ധ്യാപകന്‍, ജി എഫ് യു പി എസ് അജാനൂര്‍ ) എന്നിവര്‍ സംസാരിച്ചു. എസ്. എസ്.കെ ജില്ലാ പ്രോഗ്രാം ഓഫീസര്‍ ടി. പ്രകാശന്‍ സ്വാഗതവും, ഹോസ്ദുര്‍ഗ് ബി പി സി സനില്‍കുമാര്‍ വെള്ളുവ നന്ദിയും പറഞ്ഞു.വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പ്രായോഗിക തൊഴില്‍ പരിശീലനം, നൈപുണീ വികസനം, നൂതന ചിന്ത എന്നിവ പ്രോത്സാഹിപ്പിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്.പാചകം, തയ്യല്‍, പ്ലംബിംഗ്, കൃഷി തുടങ്ങിയ തൊഴില്‍ വൈദഗ്ധ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു,പഠനത്തെ സിദ്ധാന്തത്തില്‍ നിന്ന് പ്രായോഗിക അനുഭവത്തിലേക്ക് മാറ്റുന്നു.അക്കാദമിക് പരിജ്ഞാനത്തിനും തൊഴില്‍ പരിശീലനത്തിനും ഇടയിലുള്ള വിടവ് നികത്തുന്നതോടൊപ്പം,ഉല്‍പ്പാദനക്ഷമവും ആത്മവിശ്വാസമുള്ളതുമായ ഒരു തലമുറയെ വാര്‍ത്തെടുക്കാന്‍ ഉതകുന്ന തരത്തില്‍ സജ്ജീകരിച്ചിരിക്കുന്ന ക്രിയേറ്റീവ് കോര്‍ണറുകള്‍ പൊതുവിദ്യാലയ മികവിന് ഏറ്റവും വലിയ മുതല്‍ക്കൂട്ട് തന്നെയാണ്.

 

error: Content is protected !!