പരപ്പ ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡന്റ് ടി കെ.ദീപ അവതരിപ്പിച്ചു.

പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ പുതിയ ഭരണ സമിതിയുടെ പ്രഥമ ബജറ്റ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.ബിന്ദുവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ് പ്രസിഡന്റ് ടി കെ.ദീപ അവതരിപ്പിച്ചു.ലൈഫ്/പി.എം.എ.വൈ. (ജി) ഭവന നിര്‍മ്മാണത്തിന് മുന്‍ഗണന നല്‍കിക്കൊണ്ട് 10.00 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഉല്‍പ്പാദന മേഖലയില്‍ മൊബൈല്‍ വെറ്ററിനറി ക്ലിനിക് ഉള്‍പ്പെടെയുള്ള മൃഗസംരക്ഷണ മേഖലയില്‍ പാലുല്‍പ്പാദന വര്‍ദ്ധനവ് ലക്ഷ്യമാക്കി നൂതന പദ്ധതിയും, കൃഷി, ക്ഷീര വികസനം, വ്യവസായം ഉള്‍പ്പെടെയുള്ള വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 1.60 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. കാവുകളുടെയും കുളങ്ങളുടെയും പൊതുസ്ഥലങ്ങളുടെയും പുനരുജ്ജീവനം ലക്ഷ്യമാക്കിക്കൊണ്ട് പുനര്‍ജനി എന്ന പദ്ധതിയും ഈ വര്‍ഷം ഏറ്റെടുത്തു നടപ്പിലാക്കുന്നുണ്ട്. പ്രകൃതി സംരക്ഷണത്തിനും കാര്‍ഷിക ഉല്‍പ്പാദന വര്‍ദ്ധനവിനും വേണ്ടി കാര്‍ബണ്‍ ന്യൂട്രല്‍ ബ്ലോക്ക് എന്ന പേരില്‍ പദ്ധതിയും തയ്യാറാക്കുന്നു. പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്കായുള്ള പദ്ധതിയ്ക്കും ഡയാലിസിസ് സെന്റര്‍ പ്രവര്‍ത്തനങ്ങള്‍ക്കുമായും തുക നീക്കി വെച്ചിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്തിന്റെ സമഗ്ര വികസനത്തിനായി സേവന മേഖലയ്ക്കായി 5.12 കോടി രൂപയുടെയും പശ്ചാത്തല മേഖലയ്ക്കായി 2.05 കോടി രൂപയുടെയും വിവിധങ്ങളായ പദ്ധതികള്‍ ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. പട്ടികജാതി വനിതകള്‍ക്ക് ഡ്രൈവിംഗ് പരിശീലനം, തെയ്യം കലാകാരന്‍മാര്‍ക്ക് ആടയാഭരണം തുടങ്ങിയ പദ്ധതികളാണ് പട്ടികജാതി മേഖലയിലേക്ക് വകയിരുത്തിയിരിക്കുന്നത്. പട്ടികവര്‍ഗ്ഗ മേഖലയില്‍ ഊര് മഹോത്സവം നടത്താന്‍ 4 ലക്ഷം രൂപ നീക്കി വെച്ചു. ആകെ 26,54,15,539/ രൂപ വരവും 25,62,08,312/ രൂപ ചെലവും 92,07,227/ രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന 202627 വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു. യോഗത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ അനു.പി.വി, ടി.വി.ജയചന്ദ്രന്‍, പി.രഘുനാഥ്, കെ. രജിത, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഒക്ലാവ് കൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റീന തോമസ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ പാറക്കോല്‍ രാജന്‍,ചിത്രലേഖ.കെ.പി,ജെസ്സി ചാക്കോ, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ഇ.ടി.ജോസ്, പി.ഗംഗാധരന്‍ നായര്‍, ഭാസ്‌കരന്‍.എ.വി., ബ്ലോക്ക് പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ കൃഷ്ണരാജ്.എ എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിസുനില്‍ കുമാര്‍.കെ. സ്വാഗതവും, ഹെഡ് അക്കൗണ്ടന്റ് അനീഷ്.ടി. നന്ദിയും പറഞ്ഞു.

 

error: Content is protected !!