കാഞ്ഞങ്ങാട്: പതിനാലാം പഞ്ചവത്സര പദ്ധതി (20222027)യുടെ ഭാഗമായി 202627 വാര്‍ഷിക പദ്ധതിക്കായുള്ള കരട് പദ്ധതി രേഖ അവതരിപ്പിക്കുന്നതിനായി ‘നവ കേരളത്തിനായി ജനകീയ ആസൂത്രണം’ പദ്ധതിയുടെ ഭാഗമായുള്ള കാഞ്ഞങ്ങാട് നഗരസഭ വികസന സെമിനാര്‍ സംഘടിപ്പിച്ചു. വികസന പദ്ധതികള്‍, അവയുടെ വിലയിരുത്തലുകള്‍, നിലവിലെ പ്രശ്നങ്ങളും അവയ്ക്കുള്ള പരിഹാര നിര്‍ദേശങ്ങളും ഉള്‍പ്പെടുത്തിയ പദ്ധതി രേഖ സെമിനാറില്‍ അവതരിപ്പിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന് എംപി വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്മാന് വി. വി. രമേശന് അധ്യക്ഷത വഹിച്ചു. വൈസ് ചെയര്മാന് ലതാ ബാലകൃഷ്ണന്, സ്ഥിരം സമിതി അധ്യക്ഷന്മാരായ എം. സുമതി, ഫൗസിയ ഷെരീഫ്, മുഹമ്മദ് മുറിയാനാവി, എം. വിജയന്, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ പി. കെ. നിഷാന്ത്, മുന്‍ നഗരസഭ ചെയര്‍പേഴ്സണ്‍ കെ. വി. സുജാത എന്നിവര്‍ സംസാരിച്ചു. ദേശീയ ശുചിത്വ സര്‍വേയുടെ ഭാഗമായി സ്വച്ഛ് സര്‍വേക്ഷണ്‍ (Swachh Survekshan) ലോഗോയും ചടങ്ങില്‍ പ്രകാശനം ചെയ്തു. കൂടാതെ വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി ഗ്രൂപ്പ് ചര്‍ച്ചകളും സംഘടിപ്പിച്ച് നിര്‍ദേശങ്ങള്‍ ശേഖരിച്ചു.
വികസന സ്ഥിരം സമിതി അധ്യക്ഷന്‍ എം. പി. ജാഫര്‍ സ്വാഗതവും സെക്രട്ടറി ഇന്‍ ചാര്‍ജ് ചന്ദ്രന് കിഴക്കേ വീട്ടില്‍ നന്ദിയും പറഞ്ഞു.
