ആര്‍.എ.ആര്‍.എസ് ഫാം കാര്‍ണിവലിന് നാളെ  തുടക്കമാകും

ചെറുവത്തൂര്‍: കേരള കാര്‍ഷിക സര്‍വകലാശാലയും പിലിക്കോട് ഉത്തരമേഖല കാര്‍ഷിക ഗവേഷണകേന്ദ്രവും സംയുക്തമായി നടത്തുന്ന  ആര്‍.എ.ആര്‍.എസ് ഫാം കാര്‍ണിവലിന് നാളെ  തുടക്കമാകും. മാര്‍ച്ച് 8 വരെയാണ് കാര്‍ണിവല്‍. ഗവേഷണ കേന്ദ്രത്തില്‍ പുതുതായി സ്ഥാപിതമായ തിരുമുമ്പ്  ഹെറിറ്റേജ് അഗ്രി ടൂറിസം സെന്ററില്‍ നടക്കുന്ന കാര്‍ണിവല്‍  രാവിലെ 10 ന്   കൃഷിമന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും. എം രാജഗോപാലന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. വൈസ്  ചാന്‍സലര്‍ ഡോക്ടര്‍ ബി അശോക് മുഖ്യപ്രഭാഷണം നടത്തും. കര്‍ഷകര്‍ക്കും കര്‍ഷക വൃത്തിയില്‍ പങ്കാളികളാകുന്നവര്‍ക്കും ആശയങ്ങള്‍ കൈമാറാനും, രംഗത്തെ പുതുമകള്‍ പ്രദര്‍ശിപ്പിക്കുന്നതിനും, പുതുതലമുറയെ കൃഷിയിലേക്ക് അടുപ്പിക്കുന്നതിനും കാര്‍ഷിക വിദ്യാഭ്യാസഗവേഷണ സാധ്യതകളെക്കുറിച്ച് പുതുതലമുറയെ ബോധവത്കരിക്കുന്നതിനും, കേന്ദ്രത്തിലെ പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങളുമായിപങ്കുവെക്കുക എന്നിവയാണ് കാര്‍ണിവലിന്റെ  ലക്ഷ്യങ്ങള്‍. രാവിലെ 9 മണി മുതല്‍  രാത്രി 10 മണി വരെയാണ് കാര്‍ണിവല്‍ നടക്കുക. എല്ലാദിവസവും രാത്രി വിവിധ കലാപരിപാടികളും അരങ്ങേറും. വിവിധ ഉത്പന്ന  നടീല്‍ വസ്തുവിപണനവും കാര്‍ണിവലില്‍ ഉണ്ടാവും.  കാര്‍ഷിക സെമിനാറുകള്‍, കൃഷിയിട പ്രദര്‍ശനം, വിവിധ വിളകളുടെ ബയോപാര്‍ക്ക്, ഹരിതവന യാത്ര,
പൈതൃക വിത്ത് മേള, അമ്യൂസ്‌മെന്റ് പാര്‍ക്ക്,
ബട്ടര്‍ഫ്‌ളൈ ഗാര്‍ഡന്‍, അലങ്കാരച്ചെടികളുടെ പ്രദര്‍ശനവും വിപണനവും,
വിവിധ സെല്‍ഫി പോയിന്റുകള്‍,
ഏറുമാടം എന്നിവ കാര്‍ണിവലില്‍ ഉണ്ടാവും. 11 കാര്‍ഷിക ഗ്രൂപ്പുകളുടെ സ്റ്റാളുകളും സര്‍ക്കാര്‍ ഏജന്‍സികളുടെ 11 സ്റ്റാളുകളും മറ്റു സ്റ്റാളുകളും ഉണ്ടാകും. വാര്‍ത്ത സമ്മേളനത്തില്‍ സംഘാടകരായ ഡോ. ടി വനജ, പി കെ രതീഷ്, ഡോ. കെ വി സുമേഷ്, ഡോ. നിഷാലക്ഷ്മി, സാബു ജോസഫ്, എം ഗീത എന്നിവര്‍ പങ്കെടുത്തു.
error: Content is protected !!