പെരിയ: കേരള കേന്ദ്ര സര്‍വകലാശാലയില്‍ പുതിയ വിദ്യാര്‍ത്ഥി കൗണ്‍സില്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു. വിവേക് എം.എസ്. (പ്രസിഡണ്ട്), സഞ്ജയ് എസ് (സെക്രട്ടറി), മുഹമ്മദ് യസീന്‍ എസ്, അലിയ ഫാത്തിമ പി.പി (വൈസ് പ്രസിഡണ്ടുമാര്‍), മുഹമ്മദ് ഷബീര്‍ യു, കെ.ജെ. അപര്‍ണ (ജോയിന്റ് സെക്രട്ടറിമാര്‍), ആവണി അജിത്ത്, മുര്‍ഷിദ പി.കെ, വികാഷ് കുമാര്‍ നായക്, യാസര്‍ അലി (എക്സിക്യുട്ടീവ് കൗണ്‍സില്‍ അംഗങ്ങള്‍) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. സബര്‍മതി ഹാളില്‍ നടന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. സിദ്ദു പി. അല്‍ഗുര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. സ്റ്റുഡന്റ്സ് കൗണ്‍സില്‍ ഭാരവാഹികള്‍ സര്‍വകലാശാലയുടെ അംബാസഡര്‍മാരാണെന്ന് വൈസ് ചാന്‍സലര്‍ ചൂണ്ടിക്കാട്ടി. വിദ്യാര്‍ത്ഥികളുടെ ക്ഷേമമാകണം കൗണ്‍സിലിന്റെ ലക്ഷ്യം. വിദ്യാര്‍ത്ഥികള്‍ക്കും ഭരണനിര്വ്വഹ വിഭാഗത്തിനും ഇടയിലുള്ള പാലമായി കൗണ്‍സില്‍ മാറണം. ഇതിന് സര്‍വകലാശാലയുടെ പൂര്‍ണ പിന്തുണയുണ്ടാകും. നിക്ഷ്പക്ഷത, സംശുദ്ധി, അനുകമ്പ, എല്ലാവരെയും ഉള്‍ക്കൊള്ളല്‍ എന്നിവക്കൊപ്പം സേവന മനോഭാവത്തോടെ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ്ജ് പ്രൊഫ. വി.ബി. സമീര്‍ കുമാര്‍, കണ്ട്രോളര് ഓഫ് എക്സാമിനേഷന്‍സ് ഡോ. ആര്. ജയപ്രകാശ്, ഡീന്‍ സ്റ്റുഡന്റ്സ് വെല്‍ഫെയര്‍ പ്രൊഫ. രാജേന്ദ്ര പിലാങ്കട്ട, ചീഫ് ഇലക്ഷന് ഓഫീസര്‍ പ്രൊഫ. വി.പി. ജോഷിത്ത്, അസോസിയേറ്റ് ഡീന്‍ സ്റ്റുഡന്റ്സ് വെല്ഫെയര്മാരായ ഡോ. ജില്ലി ജോണ്‍, ഡോ. പി.എം അനീഷ് എന്നിവര്‍ സംസാരിച്ചു.
