ക്രിയേറ്റീവ് കോര്‍ണറില്‍ ക്ലാസ് ലൈബ്രറിക്ക് അലമാരകള്‍ നിര്‍മ്മിച്ച് അജാനൂരിലെ കുട്ടികള്‍

കാഞ്ഞങ്ങാട്: പാഠപുസ്തകത്തിലൂടെ ആര്‍ ജിച്ചെടുത്ത അറിവുകളെ എങ്ങനെ സര്‍ഗാത്മകമായി പ്രയോഗ വല്‍ക്കരിക്കാമെന്ന് അന്വേഷിക്കുകയാണ് അജാനൂര്‍ ജി.എഫ്.യു.പി.സ്‌കൂളിലെ യു.പി.വിഭാഗം കുട്ടികള്‍.ഏഴാം ക്ലാസ് ഗണിതത്തിലെ ‘സമാന്തര വരകള്‍ ‘, ‘ത്രികോണ പ്പരപ്പ്, ‘ ആറാം ക്ലാസ് ഗണിതത്തിലെ ‘വ്യാപ്തം’, തൊഴില്‍ ഉദ്ഗ്രഥിത വിദ്യാഭ്യാസത്തിലെ ‘പാര്‍പ്പിടം’ എന്നീ പാഠഭാഗങ്ങളിലെ ആശയങ്ങളിലൂടെ കടന്നുപോയ കുട്ടികള്‍ക്ക്
‘ക്ലാസ് ലൈബ്രറിക്കായി 150 പുസതകങ്ങള്‍കൊള്ളുന്ന ഒരു ചുവര്‍ അലമാര നിര്‍മ്മിക്കാമോ?’ എന്ന ‘ചലഞ്ച് ‘ ആണ് ഗണിതാധ്യാപകനും സ്‌കൂള്‍ ഹെഡ്മാസ്റ്ററുമായ വി.മോഹനന്‍ നല്‍കിയത്.
ആദ്യദിനം കുട്ടികള്‍ ഓരോരുത്തരും വ്യക്തിഗതമായി ആശയ രൂപീകരണം നടത്തി ഡിസൈന്‍ തയാറാക്കി വരാന്‍ അധ്യാപകന്‍ നിര്‍ദ്ദേശിച്ചു.വീട്ടില്‍ നിന്ന് മുതിര്‍ന്നവരുടെ സഹായം ചോദിക്കാനും ഇന്റര്‍നെറ്റ് ഉപയോഗപ്പെടുത്താനും അവസരമുണ്ടായിരുന്നു.രണ്ടാം ദിനം 5ഗ്രൂപ്പുകളായി തിരിഞ്ഞ് ഓരോ ഗ്രൂപ്പില്‍ നിന്നും മെച്ചപ്പെട്ട ഒരു ഡിസൈന്‍ തെരഞ്ഞെടുത്തു. ഒപ്പം ഫര്‍ണീച്ചര്‍ നിര്‍മ്മാണ രംഗത്ത് കാല്‍ നൂറ്റാണ്ടിന്റെ പരിചയസമ്പത്തുള്ള മുന്‍ പി.ടി.എ പ്രസിഡണ്ട് കെ.ജി. സജീവന്റെ പിന്തുണയും കിട്ടിയപ്പോള്‍ സംഗതി സെറ്റായി. ക്രിയേറ്റീവ് കോര്‍ണറില്‍ നിന്ന് ഉളിയും ചുറ്റികയും ഈര്‍ച്ചവാളും കട്ടിംഗ് മെഷീനും
അധ്യാപകര്‍ മുന്‍കൂട്ടി വാങ്ങിയ മള്‍ട്ടിവുഡും മറ്റ് സാമഗ്രികളും ചേര്‍ത്ത് 2 മണിക്കൂറിനകം 5 ഗ്രൂപ്പും ചുവര്‍ അലമാരകള്‍ നിര്‍മ്മിച്ചു. ഉള്ള ളവുകളുടെ കൃത്യതയും ദൃഢതയും ഉറപ്പുവരുത്തി.
കെ.ജി.സജീവന്‍, പി.ടി.എ പ്രസിഡണ്ട് ജാഫര്‍ പാലായി, എസ്.എം.സി.ചെയര്‍മാന്‍ ഷഫീഖ് ആവിക്കല്‍ എന്നിവര്‍ അലമാരകളുടെ ഭംഗി, ഉറപ്പ്, കാര്യക്ഷമത എന്നിവ പരിശോധിച്ചു.
വര്‍ക്ക്‌ഷോപ്പ് അജാനൂര്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.വി.രാഘവന്‍ ഉദ്ഘാടനം ചെയ്തു.വാര്‍ഡ് മെമ്പര്‍മാരായ സി.സുമിത, കെ.അപര്‍ണ, എ ഹമീദ് ഹാജി, വികസന സമിതി ചെയര്‍മാന്‍ കെ.രാജന്‍, സി.സുലേഖ, പി.ധന്യ, തുഷാര നാരായണന്‍ സംസാരിച്ചു.

 

error: Content is protected !!