ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സ്ഥലംമാറ്റം ,പ്രമോഷന്‍ എന്നിവ ഉടന്‍ നടത്തുക : എ.കെ.എസ്.ടി.യു

കാസര്‍കോട് : അധ്യയന വര്‍ഷം അവസാനിക്കാറായിട്ടും ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സ്ഥലംമാറ്റവും,പ്രമോഷനും നടക്കാതിരിക്കുന്നത് സംസ്ഥാനത്തെ ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസ മേഖലയില്‍ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണെന്നും, ഇതിന് അടിയന്തിര പരിഹാരമുണ്ടാകണമെന്നും
എ കെ എസ് ടി യു ജില്ലാ കമ്മിറ്റി യോഗം ഒരു പ്രമേയത്തിലൂടെ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, ധനകാര്യ മന്ത്രി എന്നിവര്‍ക്ക് നിവേദനമയച്ചു.
പ്രിന്‍സിപ്പാള്‍ സ്ഥാനകയറ്റം നല്‍കുന്നതിനായി 350 അധ്യാപകരുടെ ലിസ്റ്റ് തയ്യാറാക്കിയിട്ടും നിയമനം നടത്തി കാണുന്നില്ല. വാര്‍ഷിക പരീക്ഷ അടുത്തെത്തിയ സമയത്ത് 330 സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളുകളില്‍ സ്ഥിരം പ്രിന്‍സിപ്പാള്‍മാരില്ലാത്ത അവസ്ഥയാണുളളത്. ജൂനിയര്‍ അധ്യാപകര്‍ക്ക് വരെ ചില സ്‌കൂളുകളില്‍ പ്രിന്‍സിപ്പാള്‍ ചുമതല വഹിക്കേണ്ടി വരുന്നു. പഠിപ്പിക്കുന്നതിനോടൊപ്പം പ്രിന്‍സിപ്പാള്‍ ചുമതല കൂടിയാകുമ്പോള്‍ ഭാരിച്ച ഉത്തരവാദിത്തമാണ് ഇവര്‍ ഏറ്റെടുക്കേണ്ടി വരുന്നത്. ഹയര്‍ സെക്കണ്ടറി വിദ്യാലയങ്ങളില്‍ നിലവില്‍ ക്ലാര്‍ക്ക്, ഓഫീസ് അറ്റന്‍ഡന്റ്, പാര്‍ട് ടൈം സ്വീപ്പര്‍ തസ്തികകള്‍ ഒന്നും തന്നെയില്ല .

എല്ലാ ജോലിയും പ്രിന്‍സിപ്പാള്‍മാരും അധ്യാപകരും ചേര്‍ന്ന് ചെയ്യേണ്ട അവസ്ഥയാണ്. ഇതിനും അടിയന്തിര പരിഹാരമുണ്ടാവണം.
ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് അധ്യാപക സംഘടനകളുമായി കൂടിയാലോചന നടത്തി അപാകതകള്‍ പരിഹരിച്ച് ഉടന്‍ നടപ്പിലാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് രാജേഷ് ഓള്‍നടിയന്‍ അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി കെ പത്മനാഭന്‍, വിനയന്‍ കല്ലത്ത് , സുനില്‍കുമാര്‍ കരിച്ചേരി,
ടി എ അജയകുമാര്‍,
എ സജയന്‍, എം.ടി രാജീവന്‍ , എ.കെ സുപ്രഭ, കെ വിനോദ് കുമാര്‍, കെ വി ഷീമ എന്നിവര്‍ സംസാരിച്ചു.

 

error: Content is protected !!