കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷനിലെ ലിഫ്റ്റ് പ്രവര്‍ത്തന സജ്ജമാക്കണം :ജോയിന്റ് കൗണ്‍സില്‍

കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷനിലെ ലിഫ്റ്റ് അടിയന്തരമായി പ്രവര്‍ത്തന സജ്ജമാക്കണമെന്ന് ജോയിന്റ് കൗണ്‍സില്‍ കാഞ്ഞങ്ങാട് മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. മൂന്ന് നിലകളിലായി നിരവധി ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന മിനി സിവില്‍ സ്റ്റേഷനിലേക്ക് പ്രതിദിനം നൂറു കണക്കിന് ജനങ്ങള്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തി ചേരുന്നുണ്ട്. ഭിന്ന ശേഷിക്കാരും മുതിര്‍ന്നവരും അടക്കമുള്ള ജനങ്ങളും ജീവനക്കാരും മിനി സിവില്‍ സ്റ്റേഷനിലെ ലിഫ്റ്റ് പ്രവര്‍ത്തന സജ്ജമക്കാത്തതിനാല്‍ പ്രയാസം നേരിടുന്നുണ്ട്.പണി പൂര്‍ത്തീകരിച്ചിട്ടും ലിഫ്റ്റ് പ്രവര്‍ത്തിക്കുന്നില്ല എന്നത് അങ്ങേയറ്റം ഗൗരവത്തോടെ കാണേണ്ടുന്ന വിഷയം ആണെന്നും വിഷയത്തില്‍ സത്വര നടപടി ഉണ്ടാകണം സമ്മേളനം പ്രമേയത്തിലൂടെ അധികാരികളോട് ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട് മടിക്കൈ കുഞ്ഞിക്കണ്ണന്‍ സ്മാരക ഹാളില്‍ വെച്ച് നടന്ന സമ്മേളനം ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി നരേഷ് കുമാര്‍ കുന്നിയൂര്‍ ഉദ്ഘാടനം ചെയ്തു.ജീവനക്കാരുടെ ന്യായമായ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഉത്തരവാദിത്തപ്പെട്ട ഒരു ഭരണകൂടമാണ് കേരളം ഭരിക്കുന്നതെന്നും പ്രതീക്ഷാ നിര്‍ഭരമായ സമീപനമാണ് നിലവില്‍ കേരള സര്‍ക്കാര്‍ കൈകൊണ്ട് വരുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പങ്കാളിത്ത പെന്‍ഷന്‍ വിഷയത്തില്‍ ജോയിന്റ് കൗണ്‍സില്‍ സമര പാതയില്‍ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.ജോയിന്റ് കൗണ്‍സില്‍ മേഖലാ സെക്രട്ടറി സനൂപ് പി പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ ഷഫീര്‍ എം സി വരവ് ചെലവ് കണക്കും ജില്ലാ പ്രസിഡന്റ് ജി സുരേഷ് ബാബു സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി ബാനം ദിവാകരന്‍, ജോയിന്റ് സെക്രട്ടറി റിജേഷ്, സംസ്ഥാന കൗണ്‍സില്‍ അംഗം റിജേഷ് എന്നിവര്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു.കവിത പി രക്തസാക്ഷി പ്രമേയവും നാമദേവന്‍ അനുശോചന പ്രമേയവും മാധവ രഞ്ജിത്ത് ഔദ്യോഗിക പ്രമേയവും അവതരിപ്പിച്ചു. മേഖല പ്രസിഡന്റ് വിന്‍സെന്റ് പി എം അധ്യക്ഷത വഹിച്ച സമ്മേളനത്തിന് മേഖലാ കമ്മിറ്റി അംഗം അനില്‍കുമാര്‍ പി പി നന്ദി പ്രകാശിപ്പിച്ചു.

 

error: Content is protected !!