വിജ്ഞാനദായിനി ദേശീയ പാഠശാലയുടെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം 8 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും

വെള്ളിക്കോത്ത്: വിജ്ഞാനദായിനി ദേശീയ പാഠശാല ശതാബ്ദിയുടെ നിറവിലാണ്. ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഫെബ്രുവരി എട്ടു മുതല്‍ ഡിസംബര്‍ വരെ ഒരു വര്‍ഷക്കാലം നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ സംഘാടക സമിതി തീരുമാനിച്ചു. ശതാബ്ദി ആഘോഷങ്ങളുടെ ഉല്‍ഘാടനം മുഖ്യമന്ത്രി പിണറായിവിജയന്‍ വിജയന്‍ ഫെബ്രുവരി എട്ടിന് ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് യങ്‌മെന്‍സ് ക്ലബ്ബ് ഗ്രൗണ്ടില്‍ നിര്‍വഹിക്കും. ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക മണ്ഡലങ്ങളിലെ പ്രമുഖ വ്യക്തികള്‍ സംബന്ധിക്കും. ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കാഞ്ഞങ്ങാട്ട് നഗരസഭയിലെയും അജാനൂര്‍ പഞ്ചായത്തിലെയും വിവിധ സ്ഥലങ്ങളിലായി ഓരോ മാസത്തിലും വിവിധ പരിപാടികള്‍ സംഘടിപ്പിക്കാനാണ് സംഘാടക സമിതി തീരുമാനം. ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ചരിത്ര സെമിനാര്‍, വിദ്വാന്‍ പിയുടെ നാടകങ്ങളുടെ അവതരണം, നാടകോത്സവം തുടങ്ങിയ വ്യത്യസ്തമാര്‍ന്ന പരിപാടികള്‍ക്കാണ് സംഘാടക സമിതി രൂപം നല്‍കിയിരിക്കുന്നത്. ഇത് സംബന്ധിച്ച് അഭിപ്രായ രൂപീകരണം നടത്തുന്നതിനായി വെള്ളിക്കോത്ത് മഹാകവി പി സ്മാരക വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ചേര്‍ന്ന സംഘാടകസമിതി യോഗത്തില്‍ സംഘാടകസമിതി വര്‍ക്കിംഗ് ചെയര്‍മാനും കാഞ്ഞങ്ങാട് നഗരസഭ അധ്യക്ഷനുമായ വി വി. രമേശന്‍ കാര്യപരിപാടികള്‍ വിശദീകരിച്ചു. അജാനൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് വി.വി. തുളസി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ. സബീഷ്, അജാനൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മൂലക്കണ്ടം പ്രഭാകരന്‍, പഞ്ചായത്ത് മെമ്പര്‍മാരായ എം. വി. രാഘവന്‍, പി. കാവ്യ, എം. ഷിജി, രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകരായ കെ. വി. കൃഷ്ണന്‍, പി. ദിവാകരന്‍ മാസ്റ്റര്‍, എം. രാഘവന്‍, പ്രസേനന്‍, പി. രവീന്ദ്രന്‍ നായര്‍, കാറ്റാടി കുമാരന്‍, ഡോക്ടര്‍ എ. അശോകന്‍, പി. പി. കുഞ്ഞി കൃഷ്ണന്‍, ദേവി രവീന്ദ്രന്‍, കെ. വി. വിദ്യാധരന്‍ എന്നിവര്‍ സംസാരിച്ചു. സംസ്ഥാന ഗവണ്‍മെന്റ് അഞ്ചുകോടി രൂപ ചിലവില്‍ വെള്ളിക്കോത്ത് സ്‌കൂളില്‍ നിര്‍മ്മിച്ചു കൊണ്ടിരിക്കുന്ന വിദ്വാന്‍ പി സമുച്ചയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തികളും ദ്രുതഗതിയില്‍പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ശതാബ്ദി ആഘോഷ കാലയളവില്‍ ഇതിന്റെ ഉദ്ഘാടനവും നടക്കുമെന്ന് പ്രതീക്ഷയിലാണ് നാട്ടുകാരും അഭ്യുദയകാംക്ഷികളും.

 

error: Content is protected !!