സാംസ്‌കാരിക കേന്ദ്രങ്ങളെ തൊട്ടുണര്‍ത്തിക്കൊണ്ട് തപസ്യയുടെ സാംസ്‌കാരിക തീര്‍ത്ഥയാത്ര

കാഞ്ഞങ്ങാട്: തുളുനാടിന്റെ സാംസ്‌കാരിക കേന്ദ്രങ്ങളെ തൊട്ടുണര്‍ത്തിക്കൊണ്ടും മണ്മറഞ്ഞ സാംസ്‌കാരിക നായകരുടെ ഓര്‍മ്മകളെ അയവിറക്കിയും തുളുനാടിന്റെ പ്രിയപ്പെട്ട മുതിര്‍ന്ന കലാകാരന്‍മാരെ ആദരിച്ചു കൊണ്ടും തപസ്യ കലാ സാഹിത്യ വേദി കാസര്‍കോട് ജില്ലാ കമ്മിറ്റി നടത്തിയ സാംസ്‌കാരിക തീര്‍ത്ഥയാത്ര ഉത്തരായനം വേറിട്ട അനുഭവമായി.മഹാകവി കുട്ടമത്തിന്റെ ഭവനത്തില്‍ വെച്ച് തപസ്യ സംസ്ഥാന കാര്യാധ്യക്ഷന്‍ പ്രൊഫ പി ജി ഹരിദാസ് യാത്ര ഉദ്ഘാടനം ചെയ്തു. സംഗീത പൂര്‍ണ്ണശ്രീ കാഞ്ഞങ്ങാട് ടി പി ശ്രീനിവാസന്റെ അധ്യക്ഷനായി. തപസ്യ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ ടി രാമചന്ദ്രന്‍, സംസ്ഥാന ഉപാധ്യക്ഷന്‍ അജയന്‍ കല്ലറ, ജില്ലാ അധ്യക്ഷന്‍ ബാലചന്ദ്രന്‍ പെരിയ സംസാരിച്ചു. അക്ഷരശ്ലോക പണ്ഡിതന്‍ പി പി കുഞ്ഞിക്കണ്ണന്‍, കഥകളി കലാകാരന്‍ കെ കെ ഗോവിന്ദന്‍കുട്ടിക്കുറുപ്പ്, ഓട്ടന്‍ തുള്ളല്‍ കലാകാരന്‍ ജനാര്‍ദ്ദനന്‍ കുട്ടമത്ത്, യക്ഷഗാന കലാകാരന്‍ കെ കെ പിഷാരടി എന്നിവരെ ചടങ്ങില്‍ ആദരിച്ചു.എ വി സദാനന്ദന്‍ സ്വാഗതവും എം ജയകുമാര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന യാത്രയില്‍ നീലേശ്വരം കോവിലകം, രസികശിരോമണി കോമന്‍ നായര്‍ ഭവനം,ആനന്ദാശ്രമം മഹാകവി പി ഭവനം, നാട്യരത്‌നം കണ്ണന്‍ പാട്ടാളി സ്മാരക ട്രസ്റ്റ്, കവി മേലത്ത് ചന്ദ്രശേഖരന്‍ ഭവനം തുടങ്ങി വിവിധ കേന്ദ്രങ്ങളില്‍ വെച്ച് പി ദാമോദരന്‍ പണിക്കര്‍ (പൂരക്കളി), ഡോ കെ സി കെ രാജ (ആതുരസേവനം), ഉണ്ണികൃഷ്ണന്‍ നീലേശ്വരം (വാദ്യം),വന്ദന ഗിരീഷ് (നൃത്തം),ജനനി കാഞ്ഞങ്ങാട് (നാടകം),കാനായി കുഞ്ഞിരാമന്‍ (ശില്‍പകല),പി കെ കുമാരന്‍ നായര്‍ (സാംസ്‌കാരികം),ടി പി സോമശേഖരന്‍ (സംഗീതം), ഉസ്താദ് ഹസ്സന്‍ഭായി (ഉപകരണ സംഗീതം), ബാബു റൈ (മൃദംഗം), കെ വി രമേഷ് (യക്ഷഗാന ബൊമ്മയാട്ട),യോഗേഷ് ശര്‍മ (സംഗീതം), രാധാകൃഷ്ണ ഉളിയത്തടുക്ക (സാഹിത്യം) ,കെ വി കുമാരന്‍ (തര്‍ജമ) എന്നിവരെ ആദരിച്ചു. സാംസ്‌കാരിക യാത്ര ഇന്നും പ്രയാണം തുടരും.

 

error: Content is protected !!