നീലേശ്വരം: കരിന്തളം മുക്കട കുണ്ടൂര്‍ ദേശത്ത് തലമുറകള്‍ക്ക് കളിച്ചു വളരുന്നതിന് വേണ്ടി നാടിന്റെ കൂട്ടായ്മയില്‍ നിര്‍മ്മിക്കുന്ന കളിക്കളത്തിന്റെ സമര്‍പ്പണവും അന്തര്‍ സംസ്ഥാന വോളി നൈറ്റും 31 ന് വൈകീട്ട് 6 മണി മുതല്‍ മുക്കട കുണ്ടൂരില്‍ വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. തലമുറകള്‍ക്ക് കളിച്ചു വളരാന്‍ ഒരു കളി സ്ഥലം എന്നതിനപ്പുറത്തേക്ക് നാടിന് ഒത്തുചേരാന്‍ ഒരിടം എന്ന സ്വപ്നം കൂടിയാണ് യാഥാര്‍ത്ഥ്യമാകുന്നത് എന്ന് സംഘാടകര്‍ അറിയിച്ചു. സ്വകാര്യ വ്യക്തിയില്‍ നിന്നും 30 സെന്റ് സ്ഥലം വിലക്ക് വാങ്ങിയാണ് കളി സ്ഥലത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത്. ഇതിന് ആവശ്യമായ 15 ലക്ഷം രൂപ കണ്ടെത്തുന്നതിന് വേണ്ടി സര്‍ഗ്ഗാത്മകമായ നിരവധി പ്രവര്‍ത്തനങ്ങള്‍ക്കാണ് നാട് ഒരുമിച്ച് നിന്നത്. ആക്രി സാധനങ്ങള്‍ പെറുക്കിയും ചക്കവറുത്തും, മീന്‍ വിറ്റും, ബിരിയാണി ചലഞ്ച് നടത്തിയും, അച്ചാര്‍ വിറ്റും, ചായപ്പൊടി ഫസ്റ്റ് നടത്തിയും, തട്ടുകട നടത്തിയും കമ്പവലി മത്സരം സംഘടിപ്പിച്ചും ലഭിച്ച നാണയത്തുട്ടുകള്‍ കൊണ്ട് ഒരു നാട് പുതിയ മാതൃക സൃഷ്ടിച്ചു. മുക്കട കുണ്ടൂര്‍ പ്രദേശത്തെ ആബാലവൃദ്ധം ജനങ്ങളും കളിക്കളം നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ പങ്കാളികളായി. ഗ്രൗണ്ട് സമര്‍പ്പണം കാഞ്ഞങ്ങാട് എം എല്‍ എ ഇ ചന്ദ്രശേഖരനും ഇതിന്റെ ഭാഗമായി തയ്യാറാക്കിയ സുവനീര്‍ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാമും വോളി നൈറ്റിലെ വിജയിക്കള്‍ക്കുള്ള സമ്മാനദാനം കിനാനൂര്‍ കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് എം രാജനും നിര്‍വ്വഹിക്കും. മുക്കട കെജിഎഫ് ഫ്ലഡ് ലൈറ്റ് ഗ്രൗണ്ടില്‍ നടക്കുന്ന അന്തര്‍ സംസ്ഥാന വോളി ടൂര്‍ണമെന്റില്‍ ഒന്നാം സ്ഥാനം ലഭിക്കുന്ന ടീമിന് പുലിയന്നൂരിലെ കെ വി അപ്പൂഞ്ഞിയുടെ സ്മരണയ്ക്ക് കുടുംബാംഗങ്ങള്‍ ഏര്‍പ്പെടുത്തിയ 25026 രൂപയും കുണ്ടൂരിലെ സി ബാലന്റെ സ്മരണയ്ക്ക് കുടുംബാംഗങ്ങള്‍ ഏര്‍പ്പെടുത്തിയ ട്രോഫിയും, രണ്ടാം സ്ഥാനം ലഭിക്കുന്ന ടീമിന് പുലിയന്നൂരിലെ വി.വി അമ്പാടിയുടെ സ്മരണയ്ക്ക് കുടുംബാംഗങ്ങള്‍ ഏര്‍പ്പെടുത്തിയ 20026 രൂപയും, സമുദ്ര ട്രേഡിംഗ് കാലിച്ചമരം ഏര്‍പ്പെടുത്തിയ ട്രോഫിയും സമ്മാനമായി ലഭിക്കും. വാര്‍ത്ത സമ്മേളനത്തില്‍ സംഘാടകസമിതി രക്ഷാധികാരി എം ചന്ദ്രന്,ചെയര്മാന് വി അമ്പൂഞ്ഞി,ജനറല്‍ കണ്‍വീനര്‍ വി ജി അനീഷ് , വര്‍ക്കിംഗ് ചെയര്മാന് എന്‍ വിനോദ്,വൈസ് ചെയര്മാന് യു രതീഷ്,കെ ശശി,എന്‍ രാജന് എന്നിവര്‍ പങ്കെടുത്തു.
