സ്റ്റുഡന്‍സ് ഇന്‍ പാലിയേറ്റീവ് കെയര്‍ ജില്ലാതല പരിശീലനം സംഘടിപ്പിച്ചു

നീലേശ്വരം : ജില്ലയില്‍ പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തി പരിചരണം ആവശ്യമുള്ള രോഗികള്‍ക്ക് ആശ്വാസം ലഭിക്കുന്ന രീതിയില്‍ സാന്ത്വന പരിചരണം വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തിലെത്താന്‍ കൂടുതല്‍ പാലിയേറ്റീവ് വളണ്ടിയര്‍മാരെ കണ്ടെത്തുന്നതിന്റെ ഭാഗമായി കണ്ണൂര്‍ യൂണിവേഴ്‌സിറ്റി നാഷണല്‍ സര്‍വീസ് സ്‌കീമും കാസര്‍കോട് ഇനീഷ്യേറ്റീവ് ഇന്‍ പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയും ആരോഗ്യ വകുപ്പും സംയുക്തമായി സ്റ്റുഡന്റ്‌സ് ഇന്‍ പാലിയേറ്റീവ് കെയര്‍ ജില്ലാതല പരിശീലന പരിപാടി സംഘടിപ്പിച്ചു. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള മുഴുവന്‍ കോളേജുകളിലേയും എന്‍ എസ് എസ് വളണ്ടിയര്‍മാര്‍ക്ക് സാന്ത്വന പരിചരണ പരിശീലനം നല്‍കി അവരെ പാലിയേറ്റീവ് വളണ്ടിയര്‍മാരാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. യൂണിവേഴ്‌സിറ്റികളില്‍ ആദ്യമായിട്ടാണ് ഇങ്ങനെയൊരു പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്. പടന്നക്കാട് നെഹ്‌റു ആര്‍ട്‌സ് & സയന്‍സ് കോളേജില്‍ നടന്ന പരിശീലന പരിപാടി കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് സര്‍വീസ് ഡയറക്ടര്‍ ഡോ: കെ വി സുജിത്ത് ഉദ്ഘാടനം ചെയ്തു. നെഹ്‌റു ആര്‍ട്‌സ് & സയന്‍സ് കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോ: ടി ദിനേഷ് മുഖ്യതിഥിയായി. കാസര്‍ഗോഡ് ഇനീഷ്യേറ്റീവ് ഇന്‍ പാലിയേറ്റീവ് കെയര്‍ സൊസൈറ്റി പ്രസിഡന്റ് സി.പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു. എന്‍ എസ് എസ് ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ: കെ.വി. വിനീഷ് മാസ്റ്റര്‍ സ്വാഗതവും കാസര്‍കോട് ഇനീഷ്യേറ്റീവ് ഇന്‍ പാലിയേറ്റീവ് കെയര്‍ സൊസൈറ്റി ഡയറക്ടര്‍ കെ. രാജ്‌മോഹന്‍ നായര്‍ നന്ദിയും പറഞ്ഞു. കാസര്‍ഗോഡ് ഇനീഷ്യേറ്റീവ് ഇന്‍ പാലിയേറ്റീവ് കെയര്‍ സൊസൈറ്റി ജനറല്‍ സെക്രട്ടറി പദ്ധതി വിശദീകരണം നടത്തി. എന്‍ എച്ച് എം ജില്ലാ കോര്‍ഡിനേറ്റര്‍ ഷിജി മനോജ്, എന്‍ എസ് എസ് പ്രൊഗ്രാം ഓഫീസര്‍ എ. സുമലത ടീച്ചര്‍, സ്റ്റുഡന്റ്‌സ് ഇന്‍ പാലിയേറ്റീവ് കെയര്‍ പ്രസിഡന്റ് മിഥുന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് പാലിയേറ്റീവ് കെയര്‍ സ്റ്റേറ്റ് ട്രെയിനറും കോര്‍ഡിനേറ്ററുമായ എംജി പ്രവീണ്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. ജില്ലയിലെ വിവിധ കോളേജുകളിലെ എന്‍ എസ് എസ് പ്രൊഗ്രാം ഓഫീസര്‍മാര്‍, വളണ്ടിയര്‍മാര്‍, സെക്കന്ററി നഴ്‌സ്മാര്‍,പാലിയേറ്റീവ് സൊസൈറ്റി ഭാരവാഹികള്‍, പാലിയേറ്റീവ് വളണ്ടിയര്‍മാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

 

error: Content is protected !!