വെള്ളിക്കോത്ത്: രണ്ട് ദിവസങ്ങളിലായി വെള്ളിക്കോത്ത് വിവിധ വേദികളില്‍ നടന്നുവന്ന ജില്ലാ കേരളോത്സവത്തിന് സമാപനമായി. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് 430 പോയിന്റ് നേടി ഓവറോള്‍ ചാമ്പ്യന്മാരായി. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു അബ്രഹാം ഉദ്ഘാടനം ചെയ്തു. കേരളോത്സവ മാനുവലില്‍ കാലോചിതമായ മാറ്റങ്ങള്‍ വരുത്തി കേരളോത്സവത്തെ സ്‌കൂള്‍ കലോത്സവം പോലെ എല്ലാവരുടെയും ശ്രദ്ധ ആകര്‍ഷിക്കത്തക്ക രീതിയിലുള്ള പരിപാടിയായി മാറ്റുന്നതിന് എല്ലാവരും മുന്നിട്ടിറങ്ങണമെന്ന് അദ്ദേഹം പറഞ്ഞു. വിജയികള്‍ക്കുള്ള സമ്മാന വിതരണവും അദ്ദേഹം നടത്തി.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. കെ. സോയ അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ഗോവിന്ദന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി. കെ. മഞ്ജിഷ അജാനൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മൂലക്കണ്ടംപ്രഭാകരന്‍, വെള്ളിക്കോത്ത് മഹാകവി പിസ്മാരക ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രധാനാധ്യാപിക പ്രേമലത, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എസ്.ബിജു, യുവജന ക്ഷേമ ബോര്‍ഡ് ജില്ലാ പ്രോഗ്രാം ഓഫീസര്‍ സി. പി. ഷിലാസ്, യൂത്ത് കോഡിനേറ്റര്‍ എം.വി.രതീഷ് എന്നിവര്‍ സംസാരിച്ചു. അജാനൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് വി.വി. തുളസി സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ കെ. വി. ജയന്‍ നന്ദിയും പറഞ്ഞു. കേരളോത്സവത്തില്‍ 430 പോയിന്റ് നേടി കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഒന്നാം സ്ഥാനവും 292 പോയിന്റ് നേടി കാഞ്ഞങ്ങാട് നഗരസഭ രണ്ടാം സ്ഥാനവും 275 പോയിന്റ് നേടി പരപ്പ ബ്ലോക്ക് പഞ്ചായത്ത് മൂന്നാം സ്ഥാനവും നേടി. 146 പോയിന്റ് നേടി കലാവേദി കാഞ്ഞങ്ങാട് ക്ലബ്ബുകളില്‍ ഒന്നാം സ്ഥാനവും 81 പോയിന്റ് നേടി ലക്കി ബ്രദേഴ്‌സ് മഞ്ചേശ്വരം രണ്ടാം സ്ഥാനവും എ.കെ.ജി പരപ്പ 53 പോയിന്റ് നേടി മൂന്നാം സ്ഥാനവും നേടി. കലാപ്രതിഭ, കലാതിലകം പട്ടങ്ങള്‍ യഥാക്രമം 24 പോയിന്റ് നേടി പരപ്പ ബ്ലോക്ക് പഞ്ചായത്തിലെ ആര്‍ നവീനും 36 പോയിന്റ് നേടി കാഞ്ഞങ്ങാട് നഗരസഭയിലെ കെ. നീലാംബരിയും കരസ്ഥമാക്കി.
