കാഞ്ഞങ്ങാട്:കേരളത്തിലെ കെട്ടിട നിര്‍മ്മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സാങ്കേതിക വിദഗ്ദ്ധരായ ലൈസന്‍സ്ഡ് സിവില്‍ എഞ്ചിനീയര്‍മാരുടെയും സൂപ്പര്‍വൈസര്‍മാരുടെയും സംഘടനയായ
ലെന്‍ഫെഡിന്റെ് 14ാമത് സംസ്ഥാന സമ്മേളനം 30, 31 തീയതികളില്‍ കാഞ്ഞങ്ങാട് വെച്ച് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്ത സമ്മേളനം അറിയിച്ചു. പൊതുസമ്മേളനം നോര്‍ത്ത് കോട്ടച്ചേരി മെട്രോ പ്ലാസ ഗ്രൗണ്ടിലും, പ്രതിനിധി സമ്മേളനം പാലേഡിയം കണ്‍വെന്‍ഷന്‍ സെന്ററിലുമാണ് നടക്കുക.
സമ്മേളനത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി ജനുവരി 26 ന് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ബൈക്ക് റാലി സംഘടിപ്പിക്കും. മഞ്ചേശ്വരം, കാസര്‍കോട്, വെള്ളരിക്കുണ്ട്, തൃക്കരിപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്ന് തുടങ്ങുന്ന ബൈക്ക് റാലി പൊതുസമ്മേളന നഗരിയായ മെട്രോപ്ലാസ ഗ്രൗണ്ടില്‍ സമാപിക്കും. 27ന് രാവിലെ 10ന് കാസര്‍കോട് നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ ‘കെസ്മാര്‍ട്ടും പൊതു സമൂഹവും’ വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ കാസര്‍കോട് നഗരസഭ അധ്യക്ഷ ഷാഹിന സലിം ഉദ്ഘാടനം നിര്‍വഹിക്കും.ഐ കെ. എം. ഫാക്കല്‍റ്റിയായ രാജേഷ് വര്‍ക്കി, ലെന്‍സ്‌ഫെഡ് സംസ്ഥാന ബില്‍ഡിംഗ്‌റൂള്‍ കമ്മറ്റി കണ്‍വീനര്‍ ജാബിര്‍ തിരുവോത്ത് തുടങ്ങിയവര്‍ സംബന്ധിക്കും. 28ന് വൈകീട്ട് 4ന് പുതിയകോട്ട മാന്തോപ്പ് മൈതാനിയില്‍ സജ്ജമാക്കുന്ന വേദിയില്‍ ‘കാസര്‍കോടിന്റെ വികസന കാര്യങ്ങള്‍’ എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ ലെന്‍ഫെഡ് സംസ്ഥാന സമ്മേളന സംഘാടക സമിതി ചെയര്‍മാനും കാഞ്ഞങ്ങാട് മുനിസിപ്പല്‍ ചെയര്‍മാനുമായ വി.വി. രമേശന്‍ ഉദ്ഘാടനം ചെയ്യും. നീലേശ്വരം മുനിസിപ്പല്‍ ചെയര്‍മാന്‍ പി പി. മുഹമ്മദ് റാഫി, ചരിത്രകാരന്‍ പ്രൊഫ. സി. ബാലന്‍, കാസര്‍കോട് വികസന പാക്കേജ് മുന്‍ സ്‌പെഷല്‍ ഓഫീസര്‍ ഇ.പി രാജ്‌മോഹന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
30 ന് നടക്കുന്ന പ്രകടനത്തിലും തുടര്‍ന്ന് നടക്കുന്ന പൊതു സമ്മേളനത്തിലും സംസ്ഥാനത്തിന്റെ പതിനാല് ജില്ലകളില്‍നിന്നുമുള്ള 6000ല്‍ അധികം അംഗങ്ങള്‍ പങ്കെടുക്കും. പൊതുസമ്മേളനത്തില്‍ ജില്ലയിലെ എം.എല്‍.എമാരായ എം. രാജഗോപാലന്‍, ഇ. ചന്ദ്രശേഖരന്‍, സി.എച്ച്.കുഞ്ഞമ്പു, എന്‍.എ. നെല്ലിക്കുന്ന്, എ കെ എം അഷ്‌റഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം, സംഘാടക സമിതി ചെയര്‍മാനും കാഞ്ഞങ്ങാട് മുനിസിപ്പല്‍ ചെയര്‍മാനുമായ വി.വി. രമേശന്‍ തുടങ്ങിയ ജനപ്രതിനിധികള്‍, ലെന്‍ഫെഡിന്റെ സംസ്ഥാന നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
31ന് രാവിലെ 9.30ന് ലെന്‍സ്‌ഫെഡ് മുന്‍ സംസ്ഥാന പ്രസിഡന്റ് ടി സി വി ദിനേശ്കുമാറിന്റെ നാമധേയത്തിലുള്ള ടി സി വി നഗറില്‍ വച്ച് നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ചീഫ് ടൗണ്‍ പ്ലാനര്‍ (വിജിലന്‍സ്) ടി.എന്‍ രാജേഷ് അടക്കമുള്ള ഉദ്യോഗസ്ഥ പ്രമുഖരും പങ്കെടുക്കും. സംസ്ഥാന പ്രസിഡന്റ് സി എസ് വിനോദ് കുമാര്‍ അധ്യക്ഷത വഹിക്കും. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍നിന്നുമുള്ള പ്രതിനിധികളായി 750 അംഗങ്ങള്‍ പങ്കെടുക്കും. സമ്മേളനത്തിന്റെ ഭാഗമായി പല്ലേഡിയം കണ്‍വെന്‍ഷന്‍ സെന്ററില്‍ മിനി ബില്‍ഡ്എക്‌സ്‌പോയും സംഘടിപ്പിച്ചിട്ടുണ്ട്.
വാര്‍ത്ത സമ്മേളനത്തില്‍
സംസ്ഥാന പ്രസിഡന്റ്
സി.എസ് വിനോദ്കുമാര്‍,
സംസ്ഥാന വൈസ് പ്രസിഡന്റും വര്‍ക്കിംഗ് ചെയര്‍മാനമായ
ഇ.പി ഉണ്ണികൃഷ്ണന്‍,
ജില്ലാ പ്രസിഡന്റ്
സി.വി.വിനോദ്കുമാര്‍, എം വിജയന്‍, പി വി അഖില്‍, പി.സുരേഖ് എന്നിവര്‍ സംബന്ധിച്ചു.
