പുല്ലൂര്‍:വിഷ്ണുമൂര്‍ത്തി ക്ഷേത്ര തിരുവോണ മഹോത്സവത്തിന്റെ ഭാഗമായുള്ള ചടങ്ങുകള്‍ക്ക് ഭക്തിസാന്ദ്രമായ സമാപനമായി. മഹോത്സവത്തിന്റെ ഭാഗമായി നീലേശ്വരം സന്തോഷ് മാരാരും കലാനിലയം സതീശനും ചേര്‍ന്ന് അവതരിപ്പിച്ച ഇരട്ട തായമ്പക ആസ്വാദരുടെ മനം കവര്‍ന്നു. ദീപാരാധനയ്ക്ക് ശേഷം ക്ഷേത്രതിരു സന്നിധിയിലാണ് ഇരുവരും ചേര്‍ന്ന് ഇരട്ട തായമ്പക അവതരിപ്പിച്ചത്. ബിജു മടിയന്‍, വിവേക് പുല്ലൂര്‍, വൈഷ്ണവ് നീലേശ്വരം എന്നിവര്‍ വലം തലയും അഭിലാഷ് നീലേശ്വരം,അഭി വാഴുന്നോറടി എന്നിവര്‍ ഇടം തലയും അജയ്, വിവേക്, അജയ് നീലേശ്വരം എന്നിവര്‍ താളവും കൈകാര്യം ചെയ്തു. തുടര്‍ന്ന് അത്താഴപൂജ, ശ്രീഭൂതബലി എഴുന്നള്ളത്ത്, പഞ്ചവാദ്യം, മേളം, തിടമ്പ് നൃത്തം എന്നിവയും നടന്നു.
