മടിക്കൈ : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ സമ്മേളനം മടിക്കൈ കാലിച്ചാം പൊതിയില്‍ നടക്കും. ജനുവരി 25, 26 തീയതികളില്‍ നടക്കുന്ന സമ്മേളനം 25 ന് ഞായറാഴ്ച രാവിലെ കേന്ദ്ര
കേരള കേന്ദ്ര സര്‍വകലാശാല സ്‌കൂള്‍ ഓഫ് മെഡിസിന്‍ വിഭാഗം ഡീന്‍ പ്രൊഫ. മാത്യു ജോര്‍ജ് ഉദ്ഘാടനം ചെയ്യും
സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ ശാസ്ത്രത്തിന്റെ സന്ദേശം എത്തിക്കുന്നതില്‍ പങ്കാളികളായ ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, വായനശാലാ ക്ലബ്ബ് പ്രവര്‍ത്തകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍
ശാസ്ത്ര പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍, മുഖ്യധാരാ പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തകര്‍ എന്നിവരെല്ലാം ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുപ്പിക്കും.
2026 ഫെബ്രുവരി 28, മാര്‍ച്ച് 1 തീയതികളില്‍ ഇടുക്കി അടിമാലിയില്‍ നടക്കുന്ന അറുപത്തി മൂന്നാം സംസ്ഥാന വാര്‍ഷികത്തിന്റെ മുന്നോടിയായി നടക്കുന്ന സമ്മേളനത്തില്‍ കാസര്‍കോട്, പരപ്പ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ മേഖല സമ്മേളനത്തില്‍ നിന്ന് തെരെഞ്ഞെടുത്ത 150 പ്രതിനിധികള്‍ പങ്കെടുക്കും.
സമഗ്രവികസനത്തിന് ശാസ്ത്രീയ സമീപനം, വിചാരം, പഠനം, ഗവേഷണം, ജനകീയ ഇടപെടല്‍ എന്നിവ ശക്തിപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സമ്മേളനം വേദിയാകും. ജനാധിപത്യപരവും പുരോഗമനപരവുമായ സാമൂഹ്യപരിവര്‍ത്തനത്തിന് ശാസ്ത്രബോധം അനിവാര്യമാണെന്ന നിലപാട് ശക്തിപ്പെടുത്തുന്ന ചര്‍ച്ചകളും അവതരണങ്ങളും ഉണ്ടാകും.വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, പരിസ്ഥിതി, സ്ത്രീസമത്വം, തൊഴില്‍, സാമൂഹ്യനീതി, ശാസ്ത്ര–സാങ്കേതികവിദ്യ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സെമിനാറുകളും, പ്രബന്ധാവതരണങ്ങളും, സംവാദങ്ങളും സമ്മേളനത്തിലെ വിവിധ സെഷനുകളിലായി നടക്കും.
കഴിഞ്ഞ വര്‍ഷം തുടങ്ങിവെച്ച ആരോഗ്യ ക്യാമ്പയിന്‍ ശക്തമായി മുന്നോട്ടു കൊണ്ടു പോകുന്ന
പ്രവര്‍ത്തനങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യും. 26 ന് തിങ്കളാഴ്ച വൈകിട്ട് 5 മണിയോടെ സമ്മേളനം സമാപിക്കും. കേന്ദ്ര നിര്‍വാഹക സമിതി അംഗങ്ങളായ എം. ദിവാകരന്‍, ടി കെ ദേവരാജന്‍ ,ഡോ. എംവി ഗഗാധരന്‍,എ.എം ബാലകൃഷ്ണന്‍ എന്നിവര്‍ സമ്മേളനത്തില്‍ മുഴുവന്‍ സമയവും പങ്കെടുക്കും. ശശീന്ദ്രന്‍ മടിക്കൈ ചെയര്‍മാനും പി കുഞ്ഞിക്കണ്ണന്‍ കണ്‍വീനറുമായ സംഘാടക സമിതിയുടെ നേതൃത്വത്തില്‍ സമ്മേളനം വിജയിപ്പിക്കുന്നതിനുള്ള വിപുലമായ ഒരുക്കങ്ങളാണ് നടന്നു വരുന്നത്. സമ്മേളനം വിജയിപ്പിക്കാന്‍ മുഴുവനാളുകളുടെയും സഹകരണം ഉണ്ടാവണമെന്ന് പരിഷത്ത് ജില്ല പ്രസിഡന്റ് ബാലകൃഷ്ണന്‍ കൈരളിയും സെക്രട്ടറി പി പി രാജനും അഭ്യര്‍ഥിച്ചു.
