കാസര്‍കോട്: രാജ്യത്തെ മുഴുവന്‍ സാധാരണക്കാരെയുംകേന്ദ്രപദ്ധതികളുടെ ഗുണഭോക്താക്കളാക്കാന്‍ ബിജെപി മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്നും കേന്ദ്രപദ്ധതികളുടെ പ്രചാരകരാകണമെന്നും മഹിളാമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷ നവ്യ ഹരിദാസ് പറഞ്ഞു. മഹിളാമോര്‍ച്ച ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മഹിളാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ഏറ്റവും കൂടുതല്‍ വനിതകള്‍ക്ക് തെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നല്കുന്ന പാര്‍ട്ടിയാണ് ബിജെപി. സ്ത്രീ ശാക്തീകരണം എന്നത് വാക്കുകള്‍ക്കപ്പുറം പ്രവര്‍ത്തനത്തില്‍ കൊണ്ട് വന്ന പാര്‍ട്ടിയാണ് ബിജെപി. കേരളത്തിലുടനീളം ബിജെപി കൂടുതല്‍ കരുത്താര്‍ജ്ജിക്കുകയാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മുന്നോട്ട് വെച്ച മിഷന് 2026 കൈവരിക്കാന്‍ വനിതാ പ്രവര്‍ത്തകര്‍ മുഴുവന്‍ സമയപ്രവര്ത്തകരാകണമെന്നും നവ്യഹരിദാസ് കൂട്ടിച്ചേര്‍ത്തു. തദ്ദേശ തെരെഞ്ഞെടുപ്പില്‍ മത്സരിച്ച മുഴുവന്‍ വനിതാ സ്ഥാനാര്‍ഥികളെയും ബിജെപി കാസര്‍കോട് ജില്ലാ പ്രസിഡന്റ് എം.എല്‍. അശ്വിനി ഷാള്‍ അണിയിച്ച് ആദരിച്ചു. മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്റ് കെ. എസ്. രമണി അദ്ധ്യക്ഷത വഹിച്ചു.ബിജെപി ജില്ലാ സെക്രട്ടറിമാരായ പ്രമീള മജല്‍, അശ്വിനി കെ.എം., ജില്ലാ ട്രഷറര്‍ വീണാ അരുണ്‍ഷെട്ടി, ബിജെപി ഉദുമ മണ്ഡലം പ്രസിഡന്റ് ഷൈനിമോള്, ബിജെപി കാസര്‍കോട് മണ്ഡലം വൈസ് പ്രസിഡന്റ് ലീലാവതി, മഹിളാമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറിമാരായ അനിതാ നായിക്, പ്രേമലത, ജില്ലാ മഹിള മോര്‍ച്ച ട്രഷറര്‍
ശ്രീലത എന്നിവര്‍ സംസാരിച്ചു.
