നാടിനൊരു കളിക്കളം: പോസ്റ്റര്‍ പ്രകാശനം ചെയ്തു

കരിന്തളം:മുക്കട -കുണ്ടൂര്‍ ദേശത്ത് തലമുറകള്‍ക്ക് കളിച്ചു വളരുന്നതിന് വേണ്ടി നാടിന്റെ കൂട്ടായ്മയില്‍ നിര്‍മ്മിക്കുന്ന കളിക്കളത്തിന്റെ സമര്‍പ്പണവും അന്തര്‍ സംസ്ഥാന വോളി നൈറ്റും 2026 ജനുവരി 31 ന് നടക്കും. തലമുറകള്‍ക്ക് കളിച്ചു വളരാന്‍ ഒരു കളി സ്ഥലം എന്നതിനപ്പുറത്തേക്ക് നാടിന് ഒത്തുചേരാന്‍ ഒരിടം എന്ന സ്വപ്നം കൂടി യാഥാര്‍ത്ഥ്യമാക്കുന്നതിന് വേണ്ടിയാണ് ആറുമാസങ്ങള്‍ക്കു മുമ്പ് കുണ്ടൂര്‍ ദേശക്കാര്‍ ഒന്നാകെ ഇറങ്ങിപ്പുറപ്പെട്ടത്. സ്വകാര്യ വ്യക്തിയില്‍ നിന്നും 30 സെന്റ് സ്ഥലം വിലക്ക് വാങ്ങിയാണ് കളി സ്ഥലത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത്. ഇതിന് ആവശ്യമായ 15 ലക്ഷം രൂപ കണ്ടെത്തുന്നതിന് വേണ്ടി സര്‍ഗ്ഗാത്മകമായ നിരവധി പ്രവര്‍ത്തനങ്ങള്‍ക്കാണ് നാട് ഒരുമിച്ച് നിന്നത്. അമ്മമാരുടെ നേതൃത്വത്തില്‍ ചക്ക ചിപ്‌സ് നിര്‍മ്മിച്ചു വില്‍പ്പന നടത്തിയും, യുവാക്കളുടെ നേതൃത്വത്തില്‍ പാഴ് വസ്തുക്കള്‍ ശേഖരിച്ച് വില്‍പ്പന നടത്തിയും ബിരിയാണി ചലഞ്ച് നടത്തിയും, തട്ടുകട നടത്തിയും മീന്‍ വില്‍പ്പന നടത്തിയും അച്ചാര്‍ വിറ്റും ചായപ്പൊടി ഫെസ്റ്റ് നടത്തിയും കമ്പവലി മത്സരം സംഘടിപ്പിച്ചും ഒരു നാട് ലക്ഷ്യത്തിലേക്ക് കുതിച്ചു. കളിക്കളം സമര്‍പ്പണത്തിന്റെയും വോളി നൈറ്റിന്റെയും പോസ്റ്റര്‍ പ്രകാശനം കുണ്ടൂരില്‍ നടന്നു. മുന്‍ ദേശീയ താരം അഞ്ചു ബാലകൃഷ്ണന്‍ പ്രകാശനം നിര്‍വഹിച്ചു. സംഘാടകസമിതി ചെയര്‍മാന്‍ വി അമ്പൂഞ്ഞി അധ്യക്ഷനായി. എം ചന്ദ്രന്‍, കെ വി അരുണ്‍രാജ് , യു രതീഷ് , എം ടി പി ഷാജിര്‍ എന്നിവര്‍ സംസാരിച്ചു. ജനുവരി 31ന് കെജിഎഫ് ഫ്‌ലഡ് ലൈറ്റ് ഗ്രൗണ്ടില്‍ നടക്കുന്ന അന്തര്‍ സംസ്ഥാന വോളി ടൂര്‍ണമെന്റില്‍ ഒന്നാം സ്ഥാനം ലഭിക്കുന്ന ടീമിന് പുലിയന്നൂരിലെ കെ വി അപ്പൂഞ്ഞിയുടെ സ്മരണയ്ക്ക് കുടുംബാംഗങ്ങള്‍ ഏര്‍പ്പെടുത്തിയ 25026 രൂപയും കുണ്ടൂരിലെ സി ബാലന്റെ സ്മരണയ്ക്ക് കുടുംബാംഗങ്ങള്‍ ഏര്‍പ്പെടുത്തിയ ട്രോഫിയും, രണ്ടാം സ്ഥാനം ലഭിക്കുന്ന ടീമിന് പുലിയന്നൂരിലെ വി.വി അമ്പാടിയുടെ സ്മരണയ്ക്ക് കുടുംബാംഗങ്ങള്‍ ഏര്‍പ്പെടുത്തിയ 20026 രൂപയും, സമുദ്ര ട്രേഡിംഗ് കാലിച്ചമരം ഏര്‍പ്പെടുത്തിയ ട്രോഫിയും സമ്മാനമായി ലഭിക്കും

 

error: Content is protected !!