റാഷിദ് പൂമാടം ലോക കേരളസഭ അംഗം

നീലേശ്വരം : ലോക കേരള സഭയുടെ അഞ്ചാം സമ്മേളനത്തിലേക്ക് അബുദാബിയിലെ മാധ്യമപ്രവര്‍ത്തകനും നീലേശ്വരം ആനച്ചാല്‍ സ്വദേശിയുമായ റാഷിദ് പൂമാടത്തെ തിരഞ്ഞെടുത്തു. അബുദാബിയില്‍ നിന്ന് ഒരു മാധ്യമപ്രവര്‍ത്തകന്‍ ലോക കേരള സഭാംഗമായി തിരഞ്ഞെടുക്കപ്പെടുന്നത് ഇതാദ്യമായാണ്. ഇത് സംബന്ധിച്ച ഔദ്യോഗിക ക്ഷണക്കത്ത് സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകില്‍ നിന്നും അദ്ദേഹത്തിന് ലഭിച്ചു.
അബുദാബിയിലെ മാധ്യമപ്രവര്‍ത്തകരുടെ ഔദ്യോഗിക കൂട്ടായ്മയായ ഇന്ത്യന്‍ മീഡിയ അബുദാബിയുടെ (IMA) മുന്‍ പ്രസിഡന്റായ റാഷിദ് പൂമാടം നിലവില്‍ സംഘടനയുടെ ജനറല്‍ സെക്രട്ടറിയും സിറാജ് ദിനപത്രത്തിന്റെ പ്രത്യേക ലേഖകനുമാണ് . യു.എ.ഇ സര്‍ക്കാരിന്റെ നിരവധി പുരസ്‌കാരങ്ങള്‍ ഉള്‍പ്പെടെ ഒട്ടേറെ അന്താരാഷ്ട്ര അംഗീകാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ദീര്‍ഘകാലമായി പ്രവാസി മലയാളികളുടെ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടുന്ന അദ്ദേഹത്തിനുള്ള അംഗീകാരം കൂടിയാണ് ഈ സഭാംഗത്വം.
ജനുവരി 29, 30, 31 തീയതികളില്‍ തിരുവനന്തപുരത്താണ് ലോക കേരള സഭയുടെ അഞ്ചാം സമ്മേളനം നടക്കുന്നത്. ജനുവരി 29-ന് വൈകുന്നേരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങിലും, തുടര്‍ന്ന് 30, 31 തീയതികളില്‍ കേരള നിയമസഭാ മന്ദിരത്തിലെ ആര്‍. ശങ്കരനാരായണന്‍ തമ്പി ഹാളില്‍ നടക്കുന്ന സഭാ നടപടികളിലും റാഷിദ് പൂമാടം പങ്കെടുക്കും.
125 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്ന ഈ ആഗോള സംഗമത്തില്‍, അബുദാബിയിലെ പ്രവാസി സമൂഹത്തിന്റെ പ്രശ്‌നങ്ങളും നവകേരള നിര്‍മ്മിതിക്കായുള്ള നിര്‍ദ്ദേശങ്ങളും അദ്ദേഹം സമര്‍പ്പിക്കും. യു.എ.ഇയിലെ മാധ്യമരംഗത്തെ തന്റെ ദീര്‍ഘകാല അനുഭവസമ്പത്ത് സഭയുടെ ചര്‍ച്ചകളില്‍ വലിയ മുതല്‍ക്കൂട്ടാകും.

 

error: Content is protected !!