അജാനൂര്‍ : എസ്.ഐ.ആര് പ്രകാരം പുറത്ത് വന്ന കരട് പട്ടിക സംബന്ധമായി വിശദമായ പരിശോധന നടത്തുവാനും, ആവിശ്യമായ തീരുമാനം എടുക്കുവാനും മുസ്ലിം ലീഗ് അജാനൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രത്യേക ജാഗ്രതാ യോഗം സംഘടിപ്പിച്ചു. വൈസ് പ്രസിഡന്റ് കപ്പണക്കാല്‍ മുഹമ്മദ് കുഞ്ഞിയുടെ അധ്യക്ഷതയില്‍ മുസ്ലിം ലീഗ് സംസ്ഥാന സെക്രെട്ടറിയേറ്റ് മെമ്പറും കാഞ്ഞങ്ങാട് നിയോജക മണ്ഡലം പ്രസിഡന്റുമായ ബഷീര്‍ വെള്ളിക്കോത്ത് ഉദ്ഘാടനം ചെയ്തു. സമഗ്ര വോട്ടര്‍ പട്ടിക പരിഷകരണം ഈ മാസം 22 ന് അവസാനിക്കാനിരിക്കെ 18 വയസ്സ് തികഞ്ഞ അവസാനത്തെ മനുഷ്യനും വോട്ടര്‍ പട്ടികയില്‍ പെട്ടുവെന്നുറപ്പ് വരുത്താന്‍ മുസ്ലിം ലീഗിന്റെയും പോഷക ഘടകങ്ങളുടെയും വാര്‍ഡ് ശാഖാ കമ്മിറ്റികളും തങ്ങളും തങ്ങളുടെ കുടുംബാംഗങ്ങളും വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുന്നുവെന്ന് ബോധ്യം വരും വരെ ഓരോ പൗരന്മാരും നിതാന്ത ജാഗ്രത പുലര്‍ത്തണമെന്ന് ബഷീര്‍ വെള്ളിക്കോത്ത് ആഹ്വാനം ചെയ്തു. എസ് ഐ ആര് വോട്ടര്‍ പട്ടിക പരിഷ്കരണമെന്നതിനപ്പുറം പൗരത്വ രേഖയായി പരിഗണിക്കപ്പെടുമെന്ന വെല്ലുവിളി നിലനില്ക്കുമ്പോള് മോഡി സര്‍ക്കാര്‍ നടപ്പാക്കിയ പൗരത്വ ഭേദഗതി നിയമപ്രകാരം പൗരത്വം നിഷേധിക്കപ്പെടാനിടയുള്ളത് മുസ്ലിംകളാണെന്നുള്ളത് ആ സമൂഹം ഇക്കാര്യത്തില്‍ പുലര്‍ത്തേണ്ട കരുതല്‍ അനിവാര്യമാക്കുന്നുവെന്നദ്ദേഹം തുടര്‍ന്നു പറഞ്ഞു. ജനറല്‍ സെക്രട്ടറി ബഷീര്‍ ചിത്താരി സ്വാഗതം പറഞ്ഞു. പ്രസിഡന്റ് മുബാറക്ക് ഹസൈനാര്‍ ഹാജി,പ്രവാസി ലീഗ് ജില്ലാ പ്രസിഡന്റ് എ. പി. ഉമര്‍,മണ്ഡലം വൈസ് പ്രസിഡന്റ് ഹമീദ് ചേരെക്കാടത്ത്, സെക്രട്ടറി സി.എച്ച്. ഹംസ, ശംസുദ്ധീന്‍ മാട്ടുമ്മല്‍, കെഎംസിസി നേതാക്കളായ സി.ബി. കരീം,നജീബ് പീടികയില്‍,യൂത്ത് ലീഗ് മണ്ഡലം ട്രഷറര്‍ ജബ്ബാര്‍ ചിത്താരി,പി. എച്ച്. അയ്യൂബ്,സി. എച്ച്.അബൂബക്കര്‍ ഹാജി,ഫൈസല്‍ ചിത്താരി,സി. എച്ച്. നിസാമുദ്ധീന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
