പടന്നക്കാട് : കാഞ്ഞങ്ങാട് നെഹ്റു ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ നടന്നുവരുന്ന ക്വാണ്ടം സയന്‍സ് എക്സിബിഷനിലേക്ക് വന്‍ സന്ദര്‍ശക പ്രവാഹം. പ്രവൃത്തി ദിവസമായിട്ടും വിദ്യാര്‍ത്ഥികളോടൊപ്പം ധാരാളം പൊതുജനങ്ങളും സന്ദര്‍ശനം കാണാന്‍ എത്തി.
രാവിലെ 9 മണിക്ക് പ്രദര്‍ശനം ആരംഭിക്കുമ്പോള്‍ തന്നെ അധ്യാപകരുടെയും ശാസ്ത്ര തല്പരരുടെയും വലിയൊരു നിര തന്നെ റെജിസ്ട്രേഷന് കൗണ്ടറിന് മുന്നില്‍ ക്യൂവിലായിരുന്നു.ഏകദേശം മൂന്നു മണിക്കൂര്‍ സമയം കൊണ്ട് മാത്രമേ പ്രദര്‍ശനം പൂര്‍ണ്ണമായും കണ്ടു തിരിച്ചു പോകാന്‍ വേണ്ടി കഴിയൂ. ക്വാണ്ടം സയന്‍സ് വിശദീകരിക്കുന്ന എട്ട് സ്റ്റാളുകള്‍ക്ക് പുറമേ കോളേജിലെ ഫിസിക്സ്, സുവോളജി, ബോട്ടണി, കമ്പ്യൂട്ടര്‍ സയന്‍സ്, മാത്തമാറ്റിക്സ്, കെമിസ്ട്രി ഹിസ്റ്ററി, മലയാളം, കോമേഴ്സ് തുടങ്ങിയ കോളേജ് ഡിപ്പാര്‍ട്ട്മെന്റുകള്‍ ഒരുക്കിയ പ്രദര്‍ശന സ്റ്റാളുകളിലും നല്ല തിരക്കായിരുന്നു. ദിനേശ് തെക്കുമ്പാടിന്റെ സയന്‍സ് ആന്‍ഡ് സ്മൈല്‍ മൂലയിലും കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, കാഞ്ഞങ്ങാട് ബി ടെക് പവലിയനിലും ധാരാളം ആളുകള്‍ എത്തി.സയന്‍സ് കമ്മ്യൂണിക്കേറ്റര്മാര്ക്ക് പുറമേ പ്രദര്‍ശനം നിയന്ത്രിക്കുന്നതിനും ഡോക്യുമെന്റ് ചെയ്യുന്നതിനും കോളേജിലെ എന്‍എസ്എസ്, എന്‍ സി.സി. വളണ്ടിയര്‍മാരും കോളേജ് യൂണിയന് പ്രവര്‍ത്തകരും സജീവമായിരുന്നു.
