കാഞ്ഞങ്ങാട് : സ്‌കൂള്‍ കുട്ടികളുടെ അവധിക്കാല സഹവാസ ക്യാമ്പുകളില്‍ പാട്ടും കളിയും ചിരിയും കാര്യവുമായി ‘മഞ്ഞുരുക്കല്‍’ സെഷന്‍ കൈകാര്യം ചെയ്യുക എന്ന കുത്തക പുരുഷന്മാര്‍ക്കെന്നത് ഇനി പഴങ്കഥ മാത്രം. അധ്യാപികമാരോ മറ്റു വനിതകളോ ഈ രംഗത്ത് ശോഭിക്കുക വിരളവുമാണ്. നന്നായി ക്ലാസെടുക്കുന്ന അധ്യാപികമാര്‍ പോലും ഭയപ്പാടില്ലാതെ സധൈര്യം ഇത്തരം ക്ലാസുകള്‍ കൈകാര്യം ചെയ്യാന്‍ വരാത്തതിനാല്‍ ഈ രംഗത്ത് പുരുഷാധിപത്യം തന്നെയായിരുന്നു ഇതുവരെ ‘ എന്നാല്‍ ഒന്നാം ക്ലാസ് ഒന്നാം തരമാക്കി ക്ലാസെടുക്കുന്ന കാഞ്ഞങ്ങാട് കടപ്പുറം പി പി ടി എസ് എ എല്‍ പി സ്‌കൂളിലെ കെ.വി. അശ്വതി ടീച്ചര്‍ ഈ രംഗത്ത് ചുവടുറപ്പിക്കുന്നു. ഉപ്പിലിക്കൈ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ എന്‍ എസ് എസ് ക്യാമ്പ് സമന്വയം ’24 കഴിഞ്ഞ ക്രിസ്മസ് അവധിക്കാലത്ത് മേക്കാട്ട് മടിക്കൈ സെക്കന്റ് ജിവിഎച്ച്എസ് സ്‌കൂളില്‍ നടന്നപ്പോള്‍ ക്യാമ്പില്‍ അനായാസേന പതിനൊന്നാം ക്ലാസുകാരായ വളണ്ടിയര്‍മാര്‍ക്കൊപ്പം പാട്ടും കളിയുമായി ടീച്ചര്‍ പകര്‍ന്നത് നവ്യാനുഭവമെന്ന് കുട്ടികള്‍ സാക്ഷ്യപ്പെടുത്തിയതായി ടീച്ചര്‍ അഭിമാനപൂര്‍വ്വം ഓര്‍ക്കുന്നു. സംസ്ഥാനത്തെ എന്‍ എസ് എസ് ക്യാമ്പുകളില്‍ ഇത്തവണയും ‘മഞ്ഞുരുക്കല്‍ ‘ സെഷന്‍ കൈകാര്യം ചെയ്ത ഏക വനിതയാണ് അശ്വതി ടീച്ചര്‍ എന്നത് ശ്രദ്ധേയമാണ്. കൂടാതെ പോയവര്‍ഷം ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എസ് പി സി ക്യാമ്പിലും ഐസ് ബ്രേക്കിംഗ് സെഷന്‍ കൈകാര്യം ചെയ്തതു് അശ്വതി ടീച്ചര്‍ തന്നെ. വിക്ടേര്‍സ് ചാനലില്‍ ഒന്നാം ക്ലാസുകാര്‍ക്കായി ക്ലാസെടുക്കാന്‍ അവസരം ലഭിച്ചതോടെ തന്റെ വിദ്യാലയമായ കാഞ്ഞങ്ങാട് പി പി ടി എസ് എ.എല്‍ പി എസിനും ഒപ്പം വടക്കന്‍ സാന്നിധ്യം കൊണ്ട് ജില്ലയുടെ പെരുമ ഉയര്‍ത്തിയ അശ്വതി ടീച്ചര്‍ പ്രൈമറി അധ്യാപികമാര്‍ക്ക് പരിശീലനം നല്‍കുന്ന ഡി ആര്‍ ജി ട്രെയിനര്‍ കൂടിയാണ്. ഇത്തവണ കക്കാട്ട് ജി എച്ച് എസ് എസില്‍ വെച്ച് നടന്ന ഉപ്പിലിക്കൈ ജി എച്ച് എസ് സ്‌കൂളിന്റെ എന്‍ എസ് എസ് ക്യാമ്പിലും പെരിയ ജി എച്ച് എസ് എസിലെ എസ്എസ്എസ് എസ് ക്യാമ്പിലും ഐസ് ബ്രേക്കിംഗ് ക്ലാസ് നല്‍കിയതോടെ സംസ്ഥാനശ്രദ്ധ നേടിയ മികവുറ്റ പരിശീലക എന്ന ഖ്യാതി ടീച്ചര്‍ക്ക് ലഭിച്ചിരിക്കുന്നു . വിമുക്തഭടനായ ചായ്യോത്തെ
ടി.വി. ബിജുവിന്റെ പത്നിയാണ്. മടിക്കൈ അമ്പലത്തുകരയിലെ വാദ്യകലാകാരന്‍ വി.എം. നാരായണമാരാര്‍ , കൃഷി വകുപ്പില്‍ നിന്നും വിരമിച്ച കെ.വി. ഓമന എന്നിവര്‍ മാതാപിതാക്കള്‍ . മടിക്കൈ ജിഎച്ച് എസ് എസിലെ പ്ലസ് ടു സയന്‍സ് വിദ്യാര്‍ത്ഥിനി ആര്‍ദ്ര, കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എട്ടാം ക്ലാസുകാരന്‍ വിനായക് എന്നിവര്‍ മക്കള്‍.
