കോട്ടച്ചേരി കുന്നുമ്മല്‍ ധര്‍മ്മശാസ്താ ക്ഷേത്രം മണ്ഡലകാല ക്ഷേത്രോത്സവം തുടങ്ങി അയ്യപ്പ വിഗ്രഹ എഴുന്നള്ളത്ത് ഇന്ന്

കാഞ്ഞങ്ങാട്: മടിയന്‍ കൂലോം ക്ഷേത്രപാലകനീശ്വരന്റെ അമരഭൂവില്‍ പുരാതനമായ കോട്ടച്ചേരി കുന്നുമ്മല്‍ ധര്‍മ്മശാസ്താ ക്ഷേത്രം മണ്ഡലകാല ക്ഷേത്ര ഉല്‍സവം വിവിധ ആധ്യാത്മിക, താന്ത്രിക കലാ- സാംസ്‌കാരിക പരിപാടികളോടെ രണ്ടു ദിവസങ്ങളിലായി നടക്കും. ഉത്സവത്തിന്റെ ഭാഗമായുള്ള അയ്യപ്പ വിഗ്രഹ എഴുന്നള്ളത്ത് ഘോഷയാത്ര ഇന്ന് നടക്കും. അയ്യപ്പ ഭക്തന്മാരുടെ പേട്ടതുള്ളല്‍, പഞ്ചവാദ്യം, നെറ്റിപ്പട്ടം കിട്ടിയ ഗജവീരന്‍, താലപ്പൊലി, മുത്തുക്കുട, പുലിക്കളി, നിശ്ചല -ചലന ദൃശ്യങ്ങള്‍ എന്നിവയുടെ അകമ്പടിയില്‍ പൂങ്കാവനം ശിവ ക്ഷേത്രത്തില്‍ നിന്നും ഇന്ന് വൈകുന്നേരം 7 മണിക്ക് പുറപ്പെട്ട് ഹൊസ്ദുര്‍ഗ് ,കാഞ്ഞങ്ങാട് പട്ടണം ,കോട്ടച്ചേരി ട്രാഫിക് സര്‍ക്കിള്‍ ,കുന്നുമ്മല്‍ വഴി ക്ഷേത്രത്തില്‍ എത്തിച്ചേരും. ഉത്സവത്തിന്റെ ആദ്യ ദിവസത്തില്‍ വിവിധ പ്രാദേശിക സംഘങ്ങളുടെ ഭജന, നാദക്കോട്ട കഴകം വനിത പൂരക്കളി സംഘത്തിന്റെ പൂരക്കളി, പ്രാദേശിക വനിത സംഘങ്ങളുടെ തിരുവാതിര, കൈകൊട്ടിക്കളി എന്നിവ നടന്നു. രണ്ടാം ദിവസത്തില്‍ ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ അരവത്ത് കെ യു പത്മനാഭന്‍ മന്ത്രികളുടെമുഖ്യ കാര്‍മികത്വത്തില്‍ 108 തേങ്ങയുടെ മഹാഗണപതി ഹോമം, തുടര്‍ന്ന് അഭിഷേകം, ശ്രീബുദ്ധബലി, അത്താഴ പൂജ , മഹാപൂജ, തിടമ്പ് നൃത്തം തുടങ്ങിയ നിരവധി ചടങ്ങുകള്‍ നടക്കും. ഉത്സവത്തിന്റെ ഭാഗമായി ഇന്ന് ഉച്ചയ്ക്ക് 12. 30 മുതല്‍ 2. 30 വരെ അന്നദാനവും, രാത്രി 7 മണിക്ക് ജനനി കാഞ്ഞങ്ങാടിന്റെ ചൂട്ട് ഇന്ന് നാടകവും ഉണ്ടാകും

 

error: Content is protected !!