തദ്ദേശ പൊതുതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ എട്ടു മുതല്‍; വോട്ടെണ്ണല്‍ 8 കേന്ദ്രങ്ങളില്‍

കാസര്‍കോട്: തദ്ദേശ പൊതുതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ശനിയാഴ്ച (ഡിസംബര്‍ 13, ശനി) വിവിധ കേന്ദ്രങ്ങളില്‍ നടക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍  അറിയിച്ചു. ബ്ലോക്ക് തലത്തിലുള്ള കേന്ദ്രങ്ങളില്‍  പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റി തലങ്ങളില്‍ അതത് സ്ഥാപനങ്ങളുടെയും വോട്ടെണ്ണും.  ജില്ലാ പഞ്ചായത്തിലേയ്ക്കുള്ള പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണുന്നത് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ സിവില്‍ സ്റ്റേഷനില്‍ നടക്കും. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ വോട്ടെണ്ണുന്നത് ബ്ലോക്ക് തലത്തിലുള്ള കേന്ദ്രത്തിലായിരിക്കും. ഇവിടെ ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളുടെ പോസ്റ്റല്‍ ബാലറ്റുകള്‍ അതത് വരണാധികാരികളുടെ ടേബിളില്‍ എണ്ണും.
വോട്ടെണ്ണല്‍ ശനിയാഴ്ച രാവിലെ എട്ടിനു ആരംഭിക്കും. ആദ്യം വരണാധികാരിയുടെ ടേബിളില്‍ പോസ്റ്റല്‍ ബാലറ്റ് എണ്ണി തുടങ്ങും. തുടര്‍ന്ന് വോട്ടിങ് മെഷീനുകളിലെ വോട്ടുകള്‍ എണ്ണും. വോട്ടെണ്ണലിന് ഇലക്ട്രോണിക് വോട്ടിങ് മെഷീനിലെ കണ്‍ട്രോള്‍ യൂണിറ്റുകള്‍ മാത്രമാണ് സ്‌ട്രോങ്ങ് റൂമുകളില്‍ നിന്നും ടേബിളുകളില്‍ എത്തിക്കുക.  സ്‌ട്രോംഗ് റൂം തുറക്കുന്നത് വരണാധികാരി, ഉപവരണാധികാരി, നിരീക്ഷകര്‍, സ്ഥാനാര്‍ഥികള്‍, ഏജന്റുമാര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരിക്കും. അവിടെ നിന്ന് ഓരോ വാര്‍ഡിലെയും മെഷീനുകള്‍ കൗണ്ടിങ് ഹാളിലേക്ക് വോട്ടെണ്ണുന്നതിനായി കൊണ്ടു പോകും.  വാര്‍ഡുകളുടെ ക്രമനമ്പര്‍ പ്രകാരമായിരിക്കും വോട്ടിങ് മെഷീനുകള്‍ ഓരോ കൗണ്ടിംഗ് ടേബിളിലും വയ്ക്കുക. ഒരു വാര്‍ഡിലെ എല്ലാ പോളിങ് സ്റ്റേഷനുകളുടെയും മെഷീനുകള്‍ ഒരു ടേബിളിള്‍ തന്നെ ആയിരിക്കും എണ്ണുക. സ്ഥാനാര്‍ത്ഥിയുടെയോ സ്ഥാനാര്‍ത്ഥികള്‍ നിയോഗിക്കുന്ന കൗണ്ടിംഗ് ഏജന്റുമാരുടെയോ സാന്നിധ്യത്തിലാണ് ഓരോ ടേബളിലും വോട്ടെണ്ണുക.
ടേബിളിള്‍ വയ്ക്കുന്ന കണ്‍ട്രോള്‍ യൂണിറ്റില്‍ സീലുകള്‍, സ്‌പെഷ്യല്‍ ടാഗ് എന്നിവ കൃത്യമായി ഉണ്ടെന്ന് സ്ഥാനാര്‍ഥികളുടെയോ കൗണ്ടിങ്, ഇലക്ഷന്‍ ഏജന്റുമാരുടെയോ സാന്നിധ്യത്തില്‍ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമായിരിക്കും വോട്ടെണ്ണല്‍ ആരംഭിക്കുക.
കണ്‍ട്രോള്‍ യൂണിറ്റില്‍ നിന്നും ആദ്യം ഗ്രാമപഞ്ചായത്ത് സ്ഥാനാര്‍ത്ഥികളുടെ വോട്ടുനില ലഭിക്കും. തുടര്‍ന്ന്, ബ്ലോക്ക്പഞ്ചായത്ത് സ്ഥാനാര്‍ത്ഥികളുടെയും ജില്ലാപഞ്ചായത്ത് സ്ഥാനാര്‍ത്ഥികളുടെയും വോട്ടുവിവരം കിട്ടും. ഓരോ കണ്‍ട്രോള്‍ യൂണിറ്റിലെയും ഫലം അപ്പോള്‍ തന്നെ കൗണ്ടിങ് സൂപ്പര്‍വൈസര്‍ രേഖപ്പെടുത്തി വരണാധികാരിക്ക് നല്‍കും. ഒരു വാര്‍ഡിലെ പോസ്റ്റല്‍ ബാലറ്റുകളും എല്ലാ ബൂത്തുകളിലെ വോട്ടുകളും എണ്ണി തീരുന്ന മുറയ്ക്ക് അതത് തലത്തിലെ വരണാധികാരി ഫലപ്രഖ്യാപനം നടത്തും. ഓരോ ബൂത്തും എണ്ണി തീരുന്ന മുറയ്ക്ക് വോട്ടുനില TREND -ല്‍ അപ് ലോഡ് ചെയ്യും. ലീഡ് നിലയും ഫലവും തത്സമയം അറിയാന്‍ കഴിയും.
വരണാധികാരി അനുവദിക്കുന്ന വ്യക്തികളെ മാത്രമേ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയുള്ളൂ. കൗണ്ടിങ് ഉദ്യോഗസ്ഥര്‍, തിരഞ്ഞെടുപ്പ് കമ്മീഷന്‍ അധികാരപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥര്‍, സ്ഥാനാര്‍ഥികള്‍, ഇലക്ഷന്‍ ഏജന്റുമാര്‍, കൗണ്ടിംഗ് ഏജന്റുമാര്‍ എന്നിവര്‍ക്കാണ് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രവേശിക്കാന്‍ അനുവാദമുള്ളത്
വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍
 1. മഞ്ചേശ്വരം ബ്ലോക്ക്- ജിഎച്ച്എസ്എസ് കുമ്പള
 2. കാസര്‍കോട് ബ്ലോക്ക്- ഗവ. കോളേജ് കാസര്‍കോട്
 3. കാറഡുക്ക ബ്ലോക്ക് – BAR hss ബോവിക്കാനം (Hss, Hs, and Up)
 4. കാഞ്ഞങ്ങാട് ബ്ലോക്ക്- ദുര്‍ഗ എച്ച്എസ്എസ്, കാഞ്ഞങ്ങാട്
 5. നീലേശ്വരം മുനിസിപ്പാലിറ്റി – രാജാസ് എച്ച്എസ്എസ്, നീലേശ്വരം
 6. പരപ്പ ബ്ലോക്ക് – Ghss പരപ്പ
 7. നീലേശ്വരം ബ്ലോക്ക് – നെഹ്റു കോളേജ്, പടന്നക്കാട്
 8. കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി- ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹൊസ്ദുര്‍ഗ്
error: Content is protected !!