ഹരിത തിരഞ്ഞെടുപ്പിന് നൂതന ആശയവുമായി കാഞ്ഞങ്ങാട് നഗരസഭാ ജീവനക്കാര്‍

കാഞ്ഞങ്ങാട്: തദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഹരിത പെരുമാറ്റം ചട്ടം പൂര്‍ണ്ണമായും പാലിക്കുന്നതിനായി പ്രകൃതി സൗഹൃദ ഉല്‍പ്പന്നവുമായി മാതൃകാ പ്രവര്‍ത്തനം നടത്തി കാഞ്ഞങ്ങാട് നഗരസഭാ ജീവനക്കാര്‍. തെരഞ്ഞെടുപ്പ് നിയന്ത്രിക്കുന്നതിനായി നല്‍കിയ ഉപകരണങ്ങളില്‍ ഡിസ്‌പോസിബിള്‍ കപ്പ് ചട്ടവിരുദ്ധമായി ഉള്‍പ്പെടുത്തിയത് കണ്ടെത്തിയതിനെ തുടര്‍ന്ന് ജില്ലാ ഭരണകൂടത്തില്‍ നിന്നും ബദല്‍ സംവിധാനം കണ്ടെത്തുന്നതിന് നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് കാഞ്ഞങ്ങാട് നഗരസഭാ ജീവനക്കാര്‍ മാതൃകാ പ്രവര്‍ത്തനം നടത്തിയത്. പോളിംഗ് സ്റ്റേഷനില്‍ വോട്ട് രേഖപ്പെടുത്തുന്നവരുടെ വിരലില്‍ പതിക്കുന്നതിനുള്ള മഷി സുരക്ഷിതമായി വെക്കുന്നതിന് ഓല കൊണ്ടുള്ള ഉല്‍പ്പന്നം നിര്‍മിക്കുകയായിരുന്നു ജീവനക്കാര്‍. ഈയൊരു പ്രവര്‍ത്തനം സംസ്ഥാനത്തുടനീളം ചര്‍ച്ച ചെയ്യുന്ന തലത്തിലേക്ക് എത്തിക്കുന്നതിന് നഗരസഭാ ജീവനക്കാര്‍ സാധിച്ചു. കാഞ്ഞങ്ങാട് നഗരസഭയിലെ 47 വാര്‍ഡുകളിലെ 53 ബൂത്തുകളിലേക്കായി നൂറോളം ഉല്‍പ്പന്നങ്ങളാണ് വളരെ പെട്ടെന്ന് തന്നെ നഗരസഭാ സെക്രട്ടറി എം.കെ.ഷിബുവിന്റെ നേതൃത്വത്തിലുള്ള ടീം തയ്യാറാക്കിയത്. റിട്ടേണിംഗ് ഓഫീസര്‍മാരായ ടി.ടി.സുരേന്ദ്രന്‍, ആര്‍.രോഹിന്‍ രാജ് കെ.എ.എസ് എന്നിവര്‍ ഉല്‍പ്പന്നങ്ങള്‍ ഏറ്റുവാങ്ങി. ജില്ലാ ശുചിത്വമിഷന്‍ കോഡിനേറ്റര്‍ പി.ജയന്‍, നഗരസഭാ ക്ലീന്‍ സിറ്റി മാനേജര്‍ പി.പി.ബൈജു നഗരസഭ സൂപ്രണ്ട് കെ.അമ്പിളി എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

 

error: Content is protected !!