108 ആംബുലന്‍സില്‍ പരപ്പ സ്വദേശിനിയായ യുവതിക്ക് സുഖപ്രസവം

പരപ്പ: ആശുപത്രിയിലേക്കുള്ള യാത്ര മധ്യേ കനിവ് 108 ആംബുലന്‍സില്‍ യുവതിക്ക് സുഖപ്രസവം. പരപ്പ പരപ്പച്ചാല്‍ പുതിയപള്ളിക്ക് സമീപത്തെ ഇരുപത്തിമൂന്നുകാരിയാണ് കഴിഞ്ഞ ദിവസം രാത്രി 11.45 നാണ് ആംബുലന്‍സില്‍ കുഞ്ഞിന് ജന്മം നല്‍കിയത്. തിങ്കളാഴ്ച യുവതിക്ക് പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീട്ടുകാര്‍ കനിവ് 108 ആംബുലന്‍സിന്റെ സേവനം തേടുകയായിരുന്നു. വെള്ളരിക്കുണ്ട് കുടുംബാരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലന്‍സ് ഉടന്‍ ആംബുലന്‍സ് പൈലറ്റ് പി സിജുക്കുട്ടന്‍, എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നിഷ്യന്‍ ഗ്രേഷ്മ എന്നിവര്‍ സ്ഥലത്തെത്തി യുവതിയുമായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് യാത്ര തിരിച്ചു. ആംബുലന്‍സ് ഏഴാംമൈയിലില്‍ എത്തിയപ്പോഴേക്കും യുവതിയുടെ ആരോഗ്യനില വഷളാവുകയും തുടര്‍ന്ന് എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ ഗ്രേഷ്മ നടത്തിയ പരിശോധനയില്‍ പ്രസവം എടുക്കാതെ മുന്നോട്ടു പോകുന്നത് അമ്മയ്ക്കും കുഞ്ഞിനും സുരക്ഷിതമല്ലെന്ന് മനസിലാക്കി ആംബുലന്‍സില്‍ സജ്ജികരണം ഒരുക്കി. ചൊവ്വ പുലര്‍ച്ചെ 1.07 ന് ഗ്രേഷ്യയുടെ പരിചരണത്തില്‍ യുവതി കുഞ്ഞിന് ജന്മം നല്‍കി. ഇരുവര്‍ക്കും പ്രഥമശുശ്രൂഷ നല്‍കിയ ശേഷം കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലെത്തിച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ബന്ധുക്കള്‍അറിയിച്ചു.

error: Content is protected !!