ഉദുമ: സഹകരണ പെന്‍ഷന്‍കാരുടെ സംഘടനയുമായി സഹകരണ മന്ത്രിയും പെന്ഷന് ബോര്‍ഡും നടത്തിയ ചര്‍ച്ച പ്രഹസനമാക്കി പെന്‍ഷന്‍കാരെ അവഹേളിച്ചതില്‍ പ്രതിഷേധിച്ച് കേരള പ്രൈമറി കോ ഓപ്പറേറ്റീവ് സര്‍വ്വീസ് പെന്‍ഷനേഴ്സ് അസോസിയേഷന് ജില്ലാ കമ്മിറ്റി സഹകരണ പെന്ഷന് ബോര്‍ഡ് ചെയര്മാന് ആര് തിലകന് 10 രൂപ മണി ഓര്‍ഡര്‍ അയച്ച് പ്രതിഷേധിച്ചു. ഉദുമ പോസ്റ്റ് ഓഫീസില്‍ നടന്ന മണി ഓര്‍ഡര്‍ അയക്കല്‍ സമരം സംസ്ഥാന ട്രഷറര്‍ പി ഭാസ്കരന് നായര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം കൊപ്പല്‍ പ്രഭാകരന് അധ്യക്ഷത വഹിച്ചു. എം പുരുഷോത്തമന് നായര്‍, തിലക രാജന് മാങ്ങാട്, ശ്രീധരന് പള്ളം, പി നാരായണന്, മങ്കത്തില്‍ ബാലന്, എം കരുണാകരന്, പി ബാലന് എന്നിവര്‍ സമരത്തിന് നേതൃത്വം നല്കി. മുമ്പ് അനുവദിച്ചിരുന്ന ഒമ്പത് ശതമാനം ഡി.എ ലയിപ്പിച്ചിട്ടും കാര്യമായ പെന്ഷന് വര്‍ദ്ധനവ് വരുത്താതെ തെറ്റായ വരുമാന കണക്ക് പറഞ്ഞ് രണ്ട് ശതമാനം പെന്ഷന് വര്‍ദ്ധനവ് പ്രഖ്യാപിച്ചത് പ്രതിഷേധാര്‍ഹമാണെന്ന് അസോസിയഷന് പറഞ്ഞു ഗവണ്മെന്റിന് യാതൊരു സാമ്പത്തിക ബാധ്യതയും ഇല്ലാത്ത ഇക്കാര്യത്തില്‍ പെന്‍ഷന്‍കാരോട് കാണിക്കുന്ന അവഗണന അംഗീകരിക്കാന്‍ കഴിയില്ല. പരമാവധി പെന്ഷന് വാങ്ങുന്ന ഒരാള്‍ക്ക് 300 രൂപയുടെ വര്‍ദ്ധനവാണ് രണ്ട് ശതമാനത്തിലൂടെ ഉണ്ടാകുന്നത്. സേവന കാലത്ത് ജീവനക്കാരില്‍ നിന്നും സമാഹരിച്ച തുകയില്‍ നിന്നും നല്‍കുന്നത് കൊണ്ട് ഗവണ്മെന്റിന് ഒരു സാമ്പത്തിക ബാധ്യത ഇല്ലാതിരുന്നിട്ടും അവഗണിക്കുകയാണെന്ന് സമരക്കാര്‍പറഞ്ഞു.
