കാലിച്ചാനോട് പയ്യാരം പറയാന്‍ അരയി ദേശത്ത് തെയ്യങ്ങള്‍ നാളെ കാര്‍ത്തിക പുഴകടക്കും

പ്രഭാകരന്‍ കാഞ്ഞങ്ങാട്
ഹോസ്ദുര്‍ഗ്: വിണ്ണിലെ ദൈവങ്ങള്‍ മണ്ണിലേക്കിറങ്ങുന്ന പുണ്യ മുഹൂര്‍ത്തമായി. അള്ളടസ്വരൂപം മുതല്‍ വടക്കിന്റെ തട്ടകമാകെ വ്യാപിച്ചു കിടക്കുന്ന മന്ത്രമൂര്‍ത്തികളുടെയും ഉഗ്രസ്വരൂപിണികളു ടെയും ഉറഞ്ഞാട്ടത്തിനുള്ള കാലം. ഇടവപ്പാതിയോടെ നടയടച്ച തെയ്യക്കാവുകളില്‍ പത്താമുദയപൂജ അനിവാര്യമായ ഒരനുഷ്ഠാനമാണ്.തുലാം ഒന്ന് മുതല്‍ ദേവപ്പകര്‍ച്ചകള്‍ നര്‍ത്തനം തുടങ്ങും. പത്താമുദയത്തിന് വിത്തിടും.
ദേശത്ത്തെയ്യക്കാലത്തിന്തുടക്കംകുറിച്ച് നാളെ തെയ്യങ്ങള്‍ കാര്‍ത്തിക പുഴ കടക്കും. അരയികുന്നിന്റെ താഴ്വരയിലെ  കാര്‍ത്തികക്കാവിലെ കളിയാട്ടവുമായി ബന്ധപ്പെട്ടാണ് തോണിയേറി പുഴ കടന്നുള്ള തെയ്യങ്ങളുടെ യാത്ര. കാര്‍ഷിക സമൃദ്ധിയുടെ ഓര്‍മ്മ പുതുക്കാനും കാലിച്ചേകവനോട് നാട്ടുവിശേഷങ്ങള്‍ പറയാനുമാണ് അരയിഗ്രാമത്തില്‍  നാളെ വൈകീട്ട് തെയ്യങ്ങള്‍  ജലസഞ്ചാരം നടത്തി പുഴകടക്കുന്നത്. കാഞ്ഞങ്ങാട് കാര്‍ത്തിക്കാവില്‍ നിന്ന് അരയി എരത്ത് മുണ്ട്യ തമ്പുരാന്‍ കൊട്ടാരക്കാവിലേക്കുള്ള തോണിയേറിയുള്ള തെയ്യങ്ങളുടെ യാത്ര ഭക്തിയും  കൗതുകവുമുണര്‍ത്തുന്നതാണ്. പത്താമുദയ പിറവിക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള തെയ്യങ്ങളുടെ അരങ്ങേറലിന് സാക്ഷികളാവാന്‍  കാര്‍ത്തികക്കാവിലേക്ക്   നിരവധി ആളുകളെത്തും. തേയത്തുകാരി, കാര്‍ത്തികചാമുണ്ഡി, ഗൂളികന്‍ എന്നീ തെയ്യങ്ങളാണ് കാര്‍ത്തികക്കാവില്‍ കെട്ടിയാടുന്നത്.
 രാജവാഴ്ക്കാലത്തെ  ഒളിമങ്ങാത്ത ഓര്‍മ്മകളാണ് ജലസഞ്ചാരം നടത്തുന്ന തെയ്യങ്ങളുടെ  ഐതിഹ്യകഥ. നീലേശ്വരം രാജവംശത്തിന്റെ കീഴിലായിരുന്ന  തെക്കേ കോവിലകത്തിന്റെ  അധീനതയിലായിരുന്നു അരയി മുതല്‍  മടിക്കൈ പന്നിപ്പള്ളി പാര്‍ത്ഥസാരഥി ക്ഷേത്രം വരെയുള്ള നെല്‍പാടങ്ങള്‍. നെല്‍പാടങ്ങളുടെ സംരക്ഷണം   നാടുവാഴിക്ക് വിശ്വസ്തനും സത്യസന്ധനുമായ തേയത്ത്കാരി എന്ന ചെറുമനെയായിരുന്നു നെല്‍പ്പാടങ്ങളുടെ കാവല്‍ക്കാരനായി നിയോഗിച്ചിരുന്നത്. വാരവും പാട്ടവും നിലനിന്നിരുന്നു ആ കാലത്ത് ചെറുമര്‍ക്കെന്നും പട്ടിണിയായിരുന്നു. വാര്‍ഷിക കൊയ്ത്ത് കഴിഞ്ഞ് നെല്ല് മുഴുവന്‍ മാളിയെക്കാല്‍  പത്തായപ്പുരയില്‍ നിറയ്ക്കണം.  കെടുതികള്‍ മൂലം വിള കുറഞ്ഞാലും ശിക്ഷ തന്നെയായിരുന്നുവത്രെ. വയലുകള്‍ നോക്കി നടത്തി സംരക്ഷിച്ചിരുന്ന തേയത്തുകാരി പിന്നീട് ദൈവക്കോലമായി മാറി എന്നാണ് സങ്കല്പം. വയലുകളുടെ നാഥനായ തേയത്തുകാരി തെയ്യക്കോലം ഗുളികനോടും കാര്‍ത്തികചാമുണ്ഡിയോടുമൊപ്പം പുഴ കടന്ന് കന്നുകാലികളുടെയും കാലിയച്ചെക്കന്‍മാരുടെയും തോഴനായ കാലിച്ചാന്‍ തെയ്യത്തെക്കണ്ട് നാട്ടുവിശേഷങ്ങളും വിളവുസമൃദ്ധിയും അറിയിക്കാനാണ് അരയിപുഴയ്ക്ക് അക്കരെയുള്ള ഏരുത്തുമുണ്ട്യയിലെ തമ്പുരാന്റെ കളപ്പുരയിലേക്ക് പുഴകടന്ന് യാത്രയാവുന്നത്. വയലുകളെ സംരക്ഷിക്കുന്ന കാര്‍ത്തിക ചാമുണ്ഡിയും കന്നുകാലികളെ സംരക്ഷിക്കുന്ന കാലിച്ചാനും തമ്മിലുള്ള സംഭാഷണവും ഈ തെയ്യാട്ടത്തിലെ പ്രധാന ചടങ്ങാണ്. അരയി പ്രദേശത്ത് പണ്ടുകാലത്ത് നെല്ലിന്  പകരം വിതച്ചിരുന്നത് അരിയാണെന്നും അങ്ങനെ അരയി എന്ന പേര്‍ വന്നെതെന്നുമാണ് ഐതിഹ്യം. വിശ്വാസവും കാര്‍ഷികവൃദ്ധിയും തമ്മിലുള്ള ഒരു വിശ്വാസാനുഷ്ഠാനത്തിന്റെ ഉത്തമ ഉദാഹരണമാണ് തെയ്യങ്ങളുടെ സംഗമവും പുഴകടകടന്നുള്ള തോണിയാത്രയും. വെളിച്ചെണ്ണയും ചന്ദനത്തിരിയും കാണിക്കയായി നല്‍കി ഇഷ്ടദേവകളെ വരവേല്‍ക്കാന്‍ പ്രദേശത്തെ കര്‍ഷകരെല്ലാം കാര്‍ത്തിക കാവിലെത്തുന്നു. പത്താമുദയ ദിവസം സൂര്യോദയത്തിന് മുമ്പായി കുടുംബം കാരണവരും കാര്‍ണോത്തിയും ചേര്‍ന്ന് സൂര്യനെ കിണ്ടിയും വിളക്കും കാണിക്കുന്ന ചടങ്ങുണ്ട്. തുടര്‍ന്ന് കന്നുകാലികള്‍ക്ക് ഭക്ഷണം നല്‍കുന്ന ചടങ്ങുമുണ്ട്. ഈ ദിവസം വീടുകളില്‍ തെരുവെക്കുക എന്ന ചടങ്ങും നടക്കുന്നു. പത്താമുദയ ദിവസം ഉദയസൂര്യനെ വിളക്ക് കൊളുത്തി കാണിക്കുക എന്ന രീതി ഉണ്ടായിരുന്നു. മണ്ണിനോടും കൃഷിയോടും മലയാളിക്കുണ്ടായിരുന്ന മമതയുടെ പ്രതീകം കൂടിയാണ് പത്താമുദയആചാരങ്ങള്‍
error: Content is protected !!