ഹോസ്ദുര്‍ഗ്ഗ് ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന് നാളെ തുടക്കം: ഈ വര്‍ഷവും കലോത്സവത്തിന് ഭക്ഷണം ഒരുക്കാന്‍ രാമചന്ദ്ര വാര്യരും സംഘവും

ഒടയംചാല്‍: ഹോസ്ദുര്‍ഗ് ഉപജില്ലാ സ്‌കൂള്‍ കലോത്സവം നാളെ മുതല്‍ അഞ്ച് ദിവസങ്ങളിലായി കോടോത്ത് അംബേദ്കര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വച്ച് നടക്കും. അഞ്ചു ദിവസങ്ങളിലായി നടക്കുന്ന കലോല്‍സവത്തില്‍ 312 ഇനങ്ങളിലായി 3882 വിദ്യാര്‍ത്ഥികള്‍ മത്സരത്തില്‍ പങ്കെടുക്കും. 28, 29 തീയതികളില്‍ ഓഫ് സ്റ്റേജ് മത്സരങ്ങള്‍ നടക്കും. 29 ന് 3 മണിക്ക് ഇ. ചന്ദ്രശേഖരന്‍ എംഎല്‍എ കലോത്സവം ഉദ്ഘാടനം ചെയ്യും. നടന്‍ സന്തോഷ് കീഴാറ്റൂര്‍ മുഖ്യാതിഥിയാവും. എഴുത്തുകാരന്‍ ഡി വിനയചന്ദ്രന്‍ സ്മരണിക പ്രകാശനം ചെയ്യും. 30, 31, 1 തീയതികളിലായി 11 വേദികളിലായാണ് സ്റ്റേജ് മത്സരങ്ങള്‍ നടക്കുക.

സ്‌കൂള്‍ കലോത്സവത്തിന് എത്തുന്ന ആയിരങ്ങള്‍ക്ക് ഇത്തവണയും ഭക്ഷണമൊരുക്കുക പെരുതടി രാമചന്ദ്രന്‍ വാര്യരുടെ നേതൃത്വത്തിലുള്ള സംഘം ആയിരിക്കും. കലോത്സവത്തില്‍ പങ്കെടുക്കുന്ന മത്സരാര്‍ത്ഥികള്‍ ഉള്‍പ്പെടെ ഇവിടെയെത്തുന്ന മുഴുവനാളുകള്‍ക്കും ഭക്ഷണം നല്‍കുന്നതിനാണ് സംഘാടകര്‍ തീരുമാനിച്ചിട്ടുള്ളത്. തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് രാമചന്ദ്ര വാര്യര്‍ സബ് ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് ഭക്ഷണമൊരുക്കുന്നത്. കഴിഞ്ഞവര്‍ഷം മാലക്കല്ല് വച്ച് നടന്ന സബ് ജില്ലാ കലോല്‍സവത്തിലും ഭക്ഷണം ഒരുക്കിയത് രാമചന്ദ്ര വാര്യരുടെ നേതൃത്വത്തിലുള്ള പതിനഞ്ചംഗ സംഘമായിരുന്നു. 25 വര്‍ഷമായി ഭക്ഷണപാചക രംഗത്തുള്ള രാമചന്ദ്രന്‍ വാര്യര്‍ ജില്ലയിലെ അറിയപ്പെടുന്ന പാചക വിദഗ്ധനാണ്. നിരവധി ക്ഷേത്ര ഉത്സവങ്ങളിലും, തെയ്യം കെട്ട് തുടങ്ങിയ ആഘോഷ പരിപാടികളിലും, വിവാഹം തുടങ്ങിയ മറ്റു പരിപാടികളിലും ഭക്ഷണം തയ്യാറാക്കി നല്‍കാറുണ്ട്. പച്ചക്കറികള്‍ ഉപയോഗിച്ച് 45 ഓളം കറികള്‍ ഉണ്ടാക്കുവാനും 20 ല്‍ പരം പായസങ്ങള്‍ ഉണ്ടാക്കുവാനും ഇദ്ദേഹം വിദഗ്ദനാണ്. കടകളില്‍ നിന്നു വാങ്ങുന്ന കറിപ്പൊടികളും മറ്റു മസാലക്കൂട്ടുകളും ഒഴിവാക്കിക്കൊണ്ട്, സ്വന്തമായി ഉണ്ടാക്കുന്ന കറിക്കൂട്ടുകള്‍ ഉപയോഗിച്ചാണ് ഇദ്ദേഹം കറികള്‍ തയ്യാറാക്കുന്നത്. ആയിരങ്ങള്‍ പങ്കെടുക്കുന്ന കാഞ്ഞങ്ങാട് ശ്രീ മാരിയമ്മന്‍കോവില്‍ നവരാത്രി ഉല്‍സവം, പാണത്തൂര്‍ മഞ്ഞടുക്കം ശ്രീ തുടര്‍വനത്ത് ഭഗവതി ക്ഷേത്ര കളിയാട്ട മഹോത്സവം, ശ്രീ കുറുമ്പാ ഭഗവതി ക്ഷേത്രം, അജാനൂര്‍ പൂരോല്‍ത്സവം തുടങ്ങിയ പ്രധാന ക്ഷേത്രങ്ങളിലെല്ലാം ഉല്‍സവാഘോഷങ്ങള്‍ക്ക് ഭക്ഷണം തയ്യാറാക്കുന്നത് ഇദ്ദേഹമാണ്. കൂടാതെ ആവശ്യക്കാര്‍ക്ക് ഹോളിക, ലഡു, കേസരി തുടങ്ങിയ മധുര പലഹാരങ്ങള്‍ ഉണ്ടാക്കി നല്‍കാറുമുണ്ട്. ബന്തടുക്ക ശ്രീ സുബ്രഹ്‌മണ്യ ക്ഷേത്രത്തിലെ കഴകക്കാരനായ രാമചന്ദ്ര വാര്യര്‍ പനത്തടി പഞ്ചായത്തിലെ പെരുതടി ശ്രീ മഹാദേവ ക്ഷേത്രത്തിന് സമീപമാണ്താമസം.

error: Content is protected !!