കാഞ്ഞങ്ങാട് :കുട്ടികളുടെ സര്‍ഗാത്മകമായ കഴിവുകള്‍ വികസിപ്പിക്കുന്നതിനും ,പുതിയ അറിവുകള്‍ കണ്ടെത്തുന്നതിനും അവ സമൂഹത്തിന് പ്രയോജനപ്പെടുത്തുന്നതിനുമായി നടത്തുന്ന ശാസ്‌ത്രോത്സവത്തിന്റെ ഹോസ്ദുര്‍ഗ് ഉപജില്ല സ്‌കൂള്‍ ശാസ്‌ത്രോത്സവം ഉത്സവാന്തരീക്ഷത്തോടെ കാഞ്ഞങ്ങാട് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ തുടക്കമായി.രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന ശാസ്‌ത്രോത്സവം ഉപവേദികളായ മരക്കാപ്പ് കടപ്പുറം ഗവ.ഫിഷറീസ് ഹൈസ്‌കൂളില്‍ ശാസ്ത്രമേളയ്ക്കും കാഞ്ഞങ്ങാട് കടപ്പുറം പി പി ടി എസ് എ എല്‍ പി സ്‌കൂളില്‍ പ്രവൃത്തിപരിചയ മേളയ്ക്കും ഇതോടൊപ്പം ആരംഭമായി.
എല്‍ പി വിഭാഗത്തിന്റെ മത്സരങ്ങളായിരുന്നു മൂന്ന് വേദികളിലും ആദ്യദിനത്തില്‍. പ്രധാന വേദിയായ കാഞ്ഞങ്ങാട് ജിവിഎച്ച്എസ് എസ്സില്‍ സാമൂഹ്യ ശാസ്ത്ര മേളയിലെ ചാര്‍ട്ട്, ആല്‍ബം, അറ്റ്‌ലസ് നിര്‍മാണം, പ്രാദേശിക ചരിത്രരചന,സെമിനാര്‍,ഗണിത ശാസ്ത്രമേളയിലെ നമ്പര്‍ ചാര്‍ട്ട്, ജ്യോമെട്രിക്കല്‍ ചാര്‍ട്ട്, നിശ്ചലമാതൃക നിര്‍മാണ മത്സരങ്ങളായിരുന്നു അരങ്ങേറിയത്. വെള്ളിയാഴ്ച കാഞ്ഞങ്ങാട് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഗണിത , സാമൂഹ്യശാസ്ത്രമേളകള്‍ക്ക് പുറമെ ഐ ടി മേളയും നടക്കും. യുപി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി വിഭാഗങ്ങളുടെ മത്സരമാണ് രണ്ടാം നാളില്‍.വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 2.30 ന് കാഞ്ഞങ്ങാട് നഗരസഭ ചെയര്‍ പേഴ്‌സണും സംഘാടക സമിതി ചെയര്‍പേഴ്‌സണുമായ കെ വി സുജാതയുടെ അധ്യക്ഷതയില്‍ ഇ ചന്ദ്രശേഖരന്‍ എം എല്‍ എ ശാസ്‌ത്രോത്സവം ഉദ്ഘാടനംചെയ്യും.
