ശില്പി ചിത്രന്‍ കുഞ്ഞിമംഗലത്തിന് ഭാരത് സേവക് ദേശീയ പുരസ്‌കാരം

കാഞ്ഞങ്ങാട് : കേന്ദ്ര ഭാരത് സേവക് സമാജിന്റെ ‘ ഭാരത് സേവക് ദേശീയ പുരസ്‌കാരം ‘ പ്രശസ്ത ശില്പി ചിത്രന്‍ കുഞ്ഞിമംഗലത്തിന്.
രാജ്യത്ത് വിവിധ മേഖലകളില്‍ മികവു തെളിയിച്ചവര്‍ക്കാണ് പുരസ്‌കാരം സമ്മാനിക്കുന്നത് . ശില്പി ,ചിത്രകാരന്‍ എന്നീ നിലകളില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് ദേശീയ പുരസ്‌ക്കാരത്തിന് അര്‍ഹനായത്. ഭാരതത്തിന്റെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു 1952 ല്‍ ഇന്ത്യ ഗവണ്‍മെന്റിന്റെ ആസൂത്രണ കമ്മീഷന്റെ കീഴില്‍ സ്ഥാപിച്ച ഡല്‍ഹി ആസ്ഥാനമായ ദേശീയ വികസന ഏജന്‍സിയാണ് ഭാരത് സേവക് സമാജ് .മഹാത്മാഗാന്ധിജിയുടെ നിരവധി ശില്പങ്ങള്‍, എ.കെ.ജി , സ്വാമി വിവേകാനന്ദന്‍, ഇ.എം.എസ്, , ലാല്‍ ബഹദൂര്‍ ശാസ്ത്രി , ഡോ. ബി ആര്‍ അംബേദ്കര്‍ , കെ .കേളപ്പന്‍, ശ്രീനാരായണഗുരു, ഇബിച്ചി ബാവ, കൃഷ്ണമേനോന്‍ , ആലക്കോട് രാജ , സഞ്ജയന്‍, ബുദ്ധന്‍, ബസവേശ്വരന്‍, ജോസഫ് കനക മൊട്ട ,മോഹന്‍ലാലിനെ ആദരിക്കുന്നതിനായി നിര്‍മ്മിച്ച മോഹനം വെങ്കല ശില്പം , ക്ഷേത്രശില്പങ്ങള്‍ തുടങ്ങി.നിരവധി ശില്പങ്ങള്‍ ചെയ്ത് ശ്രദ്ധേയനാണ് ചിത്രന്‍ കുഞ്ഞിമംഗലം.
കലാ വൈഭവം കാഴ്ചവെച്ച് 2020 ലെ കേരള സംസ്ഥാന ക്ഷേത്രകല അക്കാദമി അവാര്‍ഡും , 2019ലെ കേരള ഫോക് ലോര്‍ , കേരള ഫോക് ട്രാക്ക് അവാര്‍ഡും, റോട്ടറി ക്ലബ് അവാര്‍ഡും, സ്വര്‍ണ്ണ മെഡലുകളും അംഗീകാരങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്. അച്ഛന്‍ ശില്പി കുഞ്ഞിമംഗലം നാരായണന്‍ മാസ്റ്ററില്‍ നിന്ന് ശില്പ കലയും , തിരുവനന്തപുരം ഫൈനാന്‍സ് കോളേജില്‍ നിന്ന് ശില്പകലയില്‍ ബി എഫ് എ യും , മൈസൂരില്‍ നിന്ന് ശില്പകലയില്‍ എം എഫ് എ യും പൂര്‍ത്തിയാക്കി . കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ചിത്രകലാ അധ്യാപകനായിരുന്നു. ഒക്ടോബര്‍ മാസം 13ന് തിരുവനന്തപുരത്തെ കവടിയാര്‍ സദ്ഭവന ഓഡിറ്റോറിയത്തിലെ ഭാരത് സേവക് സമാജില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ ന്യൂഡല്‍ഹിയിലെ സെന്‍ട്രല്‍ ഭാരത് സേവക് സമാജിന്റെ അഖിലേന്ത്യാ ചെയര്‍മാന്‍ ഡോ.ബി എസ് ബാലചന്ദ്രന്‍ അവാര്‍ഡ് വിതരണം ചെയ്യും.

error: Content is protected !!