കാഞ്ഞങ്ങാട് ഒരുങ്ങി: സാമൂഹിക ഐക്യദാര്‍ഢ്യ പക്ഷാചരണ സംസ്ഥാനതല ഉദ്ഘാടനം നാളെ; ഉച്ചക്ക് 12 ന് ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മുഖ്യമന്ത്രി നിര്‍വഹിക്കും

കാഞ്ഞങ്ങാട് : വിദ്യാഭ്യാസ-ആരോഗ്യ- തൊഴില്‍ മേഖലക്ക് മുന്‍ഗണന നല്‍കി ഈ വര്‍ഷത്തെ സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണം പട്ടികജാതി,പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ രണ്ട് മുതല്‍ 15 വരെ നടത്തും.
പക്ഷാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ പകല്‍ 12 ന് കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. പട്ടികജാതി, പട്ടികവര്‍ഗ്ഗ വികസന, പിന്നോക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആര്‍ കേളു അധ്യക്ഷത വഹിക്കും. ഡിസംബര്‍ 31നകം 5000 പേര്‍ക്ക് തൊഴില്‍ ഉറപ്പാക്കുന്ന വിജ്ഞാനകേരളം ആക്ഷന്‍ പ്ലാന്‍ പ്രഖ്യാപനം മുഖ്യമന്ത്രി നിര്‍വഹിക്കും. ട്രൈബല്‍ പ്ലസ് പദ്ധതിയിലൂടെ കൂടുതല്‍ തൊഴില്‍ ഉറപ്പാക്കിയ പഞ്ചായത്തുകള്‍ക്ക് ഗോത്ര സമൃദ്ധി പുരസ്‌കാര വിതരണവും എല്ലാ പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്കും അടിസ്ഥാന രേഖകള്‍ ലഭ്യമാക്കി ഡിജിറ്റലൈസ് ചെയ്ത് സൂക്ഷിക്കുന്ന എ ബി സി ഡി പദ്ധതിയുടെ ജില്ലാതല പൂര്‍ത്തീകരണ പ്രഖ്യാപനവും മുഖ്യമന്ത്രി നിര്‍വഹിക്കും. വനം, വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ മുഖ്യാതിഥിയാകും. ഇ. ചന്ദ്രശേഖരന്‍ എം എല്‍ എ സ്വാഗതവും ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖര്‍ ഐഎഎസ് നന്ദിയും പറയും.
വകുപ്പ് സെക്രട്ടറി ഡോക്ടര്‍ എ കൗശികന്‍ ഐഎഎസ് റിപ്പോര്‍ട്ട് അവതരിപ്പിക്കും.

രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി, എംഎല്‍എ മാരായ എം രാജഗോപാലന്‍, അഡ്വ. സി എച്ച് കുഞ്ഞമ്പു, എന്‍. എ നെല്ലിക്കുന്ന്, എ. കെ എം അഷ്‌റഫ്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് സിജി മാത്യു, ഗ്രാമ പഞ്ചായത്ത് അസോസിയേഷന്‍ ജില്ലാപ്രസിഡന്റ് സുബ്ബണ്ണ ആള്‍വ, പട്ടിക ജാതിവികസന വകുപ്പ് ഡയറക്ടര്‍ ഡി ധര്‍മ്മശ്രീ ഐ എ എസ്, പട്ടിക വര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ ഡോ. മിഥുന്‍ പ്രേംരാജ് ഐ എ എസ്, പിന്നോക്ക ക്ഷേമ വകുപ്പ് ഡയറക്ടര്‍ മിശാല്‍ സാഗര്‍ ഐ എ എസ്, കിര്‍ട്ടാഡ്‌സ് ഡയറക്ടര്‍ ബിന്ദു എസ്, പട്ടിക വര്‍ഗ സംസ്ഥാന ഉപദേശക സമിതി അംഗങ്ങളായ എം കുമാരന്‍, എം സി മാധവന്‍ എന്നിവര്‍ ആശംസ നേരും. ഉദ്ഘാടന സമ്മേളന വിജയത്തിന് സ്വാഗത സംഘത്തിന്റെയും വിവിധ വകുപ്പുകളുടെയും നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയത്. വിവിധ വകുപ്പുകളുമായി ചേര്‍ന്ന് പട്ടിക വിഭാഗ – പിന്നാക്ക വികസന വകുപ്പാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

കുതിച്ചുയരാം അറിവിലേക്കും തൊഴിലിലേക്കും എന്നതാണ് ഈ വര്‍ഷത്തെ ഐകൃദ്യാര്‍ഢ്യ സന്ദേശം.
മഹാത്മ ഗാന്ധി – ശ്രീ നാരായണഗുരു സമാഗമത്തിന്റെ നൂറാം വാര്‍ഷിക അനുസ്മരണവും ഇത്തവണത്തെ ഐക്യദാര്‍ഢ്യ പക്ഷാചരണ ഭാഗമായി നടക്കും. സമാപനം 15 ന് തിരുവനന്തപുരം ആര്യനാട് നടത്തും. ഓരോ നിയോജക മണ്ഡലത്തിലും
പഞ്ചായത്തുകളിലും പരിപാടികള്‍ സംഘടിപ്പിക്കും. രണ്ടാഴ്ചത്തെ ഓരോ ദിവസവും പ്രത്യേക വിഷയത്തെ അധികരിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് സംഘടിപ്പിക്കുക. ഒക്ടോബര്‍ രണ്ടിന് ശുചിത്വം, മൂന്നിന് ലഹരി വിരുദ്ധ പ്രചാരണങ്ങള്‍,നാലിന് ആരോഗ്യം, അഞ്ചിന് വിദ്യാഭ്യാസം, ആറിന് ആവാസ ദിനം, എഴിനു തൊഴില്‍ കാമ്പയിന്‍, എട്ടിന് തൊഴിലുറപ്പ്, ഒന്‍പതിന് ഗാന്ധി – ശ്രീനാരായണഗുരു സമാഗമത്തിന്റെ നൂറാം വാര്‍ഷികം, 10 ന് വനാവകാശം, 11 ന് അതിക്രമം തടയല്‍, 12 ന് ഐശ്വര്യ ഗ്രാമവികസന പദ്ധതി ആരംഭം, 13 ന് ദുരന്ത സാധ്യതാ വിഷയങ്ങള്‍, 14 ന് ഹോസ്റ്റലുകളിലെ സോഷ്യല്‍ ഓഡിറ്റ് എന്നിങ്ങനെയാണ് വിഷയങ്ങള്‍.
15,000 സേഫ് വീടുകള്‍ പൂര്‍ത്തിയായതിന്റെ പ്രഖ്യാപനം, 5000 പട്ടിക വിഭാഗക്കാര്‍ക്ക് തൊഴിലവസരങ്ങള്‍ ഉറപ്പിക്കല്‍, ജീവിതശൈലി രോഗ നിര്‍ണയ ക്യാമ്പുകള്‍, ചെറുകിട സംരംഭകര്‍ക്കുള്ള ടോപ് അപ്പ് ലോണ്‍ സമൃദ്ധി കേരളം പദ്ധതിയുടെ വായ്പാ വിതരണം തുടങ്ങി വിവിധ പ്രവര്‍ത്തനങ്ങളും ഇതോടൊപ്പം നടത്തും.

സംസ്ഥാനതല ഉദ്ഘാടനത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സംഘാടകസമിതി അറിയിച്ചു
ജില്ലയിലെ വിവിധ നഗറുകളില്‍ നിന്നും ഉന്നതികളില്‍ നിന്നുമായി രണ്ടായിരത്തിലേറെ യാളുകളും സമൂഹത്തില്‍ നാനാ തുറകളില്‍ നിന്നുള്ളവരും പരിപാടിയില്‍ പങ്കാളികളാകും വാര്‍ത്താസമ്മേളനത്തില്‍ കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ വി സുജാത, ആര്‍ ഡി ഓ ബിനു ജോസഫ്, ജില്ലാ പട്ടിക വര്‍ഗ്ഗ വികസന ഓഫീസര്‍ ബി സി അയ്യപ്പന്‍, അസിസ്റ്റന്റ് പട്ടികവര്‍ഗ്ഗ വികസന ഓഫീസര്‍ കെ വി രാഘവന്‍, അസിസ്റ്റന്റ് പട്ടികജാതി വികസന ഓഫീസര്‍ പി മിനി മഞ്ചേശ്വരം, പട്ടികജാതി വികസന ഓഫീസര്‍ തിരുമലേഷ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍പങ്കെടുത്തു.

error: Content is protected !!