നീലേശ്വരം പോലീസ് സ്റ്റേഷനില്‍ പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ മൂന്നുകോടി രൂപ അനുവദിച്ചു

നീലേശ്വരം :നീലേശ്വരം പോലീസ് സ്റ്റേഷനില്‍ പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ മൂന്നുകോടി രൂപ അനുവദിച്ചു. പോലീസ് സേന നവീകരണ ഫണ്ടില്‍ നിന്നുമാണ് തുക അനുവദിച്ചത്. പോലീസ് സ്റ്റേഷന്റെ പഴയ കെട്ടിടം പൊളിച്ചു മാറ്റിയിട്ട് ഒരുവര്‍ഷം തികയുമ്പോഴും പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ പോലും ആരംഭിച്ചിട്ടില്ല. ഇതിനിടയിലാണ് പുതിയ കെട്ടിടം പണിയാന്‍ 3 കോടി രൂപ അനുവദിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവായത്.

1975ല്‍ അന്നത്തെ ആഭ്യന്തര മന്ത്രി കെ കരുണകരന്‍ ഉദ്ഘാടനം ചെയ്ത് പോലീസ് സ്റ്റേഷന്‍ അണ്‍ഫിറ്റാണെന്ന് പൊതുമരാമത്ത് വകുപ്പ് കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷമാണ് പൊളിച്ചു മാറ്റിയത്.അതിനുശേഷം പോലീസ് സ്റ്റേഷന്റെ പ്രവര്‍ത്തനം സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ ഓഫീസ് പ്രവര്‍ത്തിക്കുന്ന ചെറിയ കെട്ടിടത്തിലേക്ക് മാറ്റി. എന്നാല്‍ നിന്നു തിരിയാന്‍ പോലും ഇടമില്ലാത്ത ഈ കെട്ടിടത്തില്‍ 42 പോലിസ് ഉദ്യോഗസ്ഥര്‍ ഏറെ ബുദ്ധിമുട്ടിയാണ് ജോലി ചെയ്യുന്നത്. പ്രമാദമായ കേസുകള്‍ തെളിയിക്കുമ്പോള്‍ അറസ്റ്റുചെയ്യുന്ന പ്രതികളെ പാര്‍പ്പിക്കാന്‍ ലോക്കപ്പ് ഇല്ലാത്തതും പോലീസുകാരെ ഏറെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. പോലീസുകാരും പ്രതികളും പരാതിക്കാരും ഒക്കെയായി നിന്നുതിരാന്‍ പോലും ബുദ്ധിമുട്ടുന്ന നീലേശ്വരം പോലീസ് സ്റ്റേഷന് പുതിയ കെട്ടിടം പണിയാന്‍ മൂന്നു കോടി രൂപ അനുവദിച്ചതോടെ ഏറെ ആശ്വാസത്തിലാണ്പോലീസുകാര്‍.

error: Content is protected !!