മാവുങ്കാല്‍:തപസ്യ കലാസാഹിത്യവേദി കാസര്‍കോട് ജില്ല പഠന ശിബിരം മാവുങ്കാല്‍ പ്രഗതിവിദ്യാ കേന്ദ്രത്തില്‍ നടന്നു. തപസ്യ സംസ്ഥാന വര്‍ക്കിംങ്ങ് ചെയര്മാന് പ്രൊഫസര്‍ പി.ജി.ഹരിദാസ് ഉദ്ഘാടനം ചെയ്തു. ചാരം മൂടിയ കനലുകളെ പ്രോജ്ജ്വലിപ്പിക്കുകയെന്നപോലെ യുവജനങ്ങളിലെ സര്‍ഗചൈതന്യത്തെ ഉണര്‍ത്തി അവര്‍ക്ക് ശരിയായ ദിശാബോധം നല്‍കുകയെന്ന അത്യന്തം ഗൗരവമാര്‍ന്ന ഉത്തരവാദിത്തം ഇന്ന് തപസ്യയ്ക്കുണ്ടെന്നും, എത്ര പ്രതിസന്ധികളെ മറികടന്നിട്ടായാലും സംസ്കൃതിയുടെ പവിത്രമായ ഓര്‍മ്മകളെ നാം പുതു തലമുറയ്ക്ക് പകര്‍ന്നു കൊടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു.
ശാസ്ത്രീയസംഗീത രംഗത്ത് അനിതരസാധാരണമായ നേട്ടങ്ങള്‍ കൈവരിച്ച കുമാരി ശ്രീനിധി.കെ.ഭട്ടിനെ പൊന്നാടയണിയിച്ച് ആദരിച്ചു. തപസ്യ ജില്ലാ അദ്ധ്യക്ഷന്‍ കെ.ബാലചന്ദ്രന് പെരിയ അദ്ധ്യക്ഷത നായി. ജില്ലാ ജനറല്‍ സെക്രട്ടറി ടി.ദിനേശന് സ്വാഗതവും ജോയിന്റ് സെക്രട്ടറി എം.വി. അശോകന് പുല്ലൂര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന പ്രതിനിധി സഭയില്‍ ജില്ലാ ഉപാദ്ധ്യക്ഷന്‍ എ.വി. സദാനന്ദന് അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ സംസ്ഥാന ജന:സെക്രട്ടറി കെ.ടി.രാമചന്ദ്രന് സംഘടനാചര്‍ച്ച നയിച്ചു. നീലേശ്വരം യൂനിറ്റ് സെക്രട്ടറി കെ.കുഞ്ഞിക്കൃഷ്ണ പിഷാരടി സ്വാഗതവും ജില്ലാ സെക്രട്ടറി വി.ജി.ശ്രീകുമാര്‍ നന്ദിയും പറഞ്ഞു. ജില്ലാ അദ്ധ്യക്ഷന്‍ കെ.ബാലചന്ദ്രന് പെരിയയുടെ അദ്ധ്യക്ഷതയില്‍ നടന്ന സമാപന യോഗത്തില്‍, മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും എഴുത്തുകാരനുമായ എം. ശ്രീഹര്ഷന് മാസ്റ്റര്‍, സംസ്ഥാന സെക്രട്ടറി ഇ.വി.ഹരി എന്നിവര്‍ സംസാരിച്ചു. സംസ്ഥാന സമിതിയംഗം കെ.പവിത്രന് സ്വാഗതവും ജില്ലാ സമിതിയംഗം ജയകുമാര്‍ നെല്ലിത്തറ നന്ദിയുംപറഞ്ഞു.
