നീലേശ്വരം  റെയില്‍വേ സ്റ്റേഷന്റെ പ്ലാറ്റ്‌ഫോമുകള്‍ക്ക് പൂര്‍ണമായും മേല്‍ക്കൂര പണിയും

നീലേശ്വരം : റെയില്‍വേ സ്റ്റേഷന്റെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തുടര്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായി പാലക്കാട് റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ അരുണ്‍കുമാര്‍ ചതുര്‍വേദിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ നീലേശ്വരം റെയില്‍വേ സ്റ്റേഷന്‍ സന്ദര്‍ശിച്ചു. താഴെപ്പറയുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തത്വത്തില്‍ അംഗീകാരം നല്‍കി. ഒന്നും രണ്ടും പ്ലാറ്റ്‌ഫോമുകള്‍ക്ക് പൂര്‍ണമായും മേല്‍ക്കൂര പണിയും. തുടര്‍ന്ന് സി സി ടി വി യുടെ പ്രവര്‍ത്തനം ആരംഭിക്കും. കിഴക്കുഭാഗത്ത് നിലവിലുള്ള പാര്‍ക്കിംഗ് സംവിധാനത്തിന് പുറമേ, കൂടുതല്‍ വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ പറ്റുന്ന രീതിയില്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ പറ്റുമോ എന്ന കാര്യവും പരിശോധിക്കും. ഒന്നാം പ്ലാറ്റ്‌ഫോമിന്റെ നീളവും വീതിയും കൂട്ടുന്ന പ്രവൃത്തി താമസിയാതെ ആരംഭിക്കും. നീലേശ്വരം റെയില്‍വേ സ്റ്റേഷന് വേണ്ടി പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലം ഡിവിഷണല്‍ റെയില്‍വേ മാനേജറുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു. നീലേശ്വരം റെയില്‍വേ ഡെവലപ്‌മെന്റ് കലക്ടീവിന്റെ ( എന്‍ ആര്‍ ഡി സി ) നേതൃത്വത്തില്‍ ഡിവിഷണല്‍ മാനേജറെയും സംഘത്തെയും സ്വീകരിച്ചു. എന്‍ ആര്‍ ഡി സി മുഖ്യ രക്ഷാധികാരി പി മനോജ് കുമാര്‍, ഡോക്ടര്‍ വി സുരേശന്‍, പ്രസിഡന്റ് എന്‍ സദാശിവന്‍, സെക്രട്ടറി എം വിനീത്, ട്രഷറര്‍ സി എം സുരേഷ് കുമാര്‍, പി യു ചന്ദ്രശേഖരന്‍, ബാബുരാജ്,കൗസല്യ, പി ടി രാജേഷ്, എം ബാലകൃഷ്ണന്‍, കെ വി മനോജ് എന്നിവര്‍ സ്വീകരണത്തിന് നേതൃത്വം നല്‍കി. സീനിയര്‍ ഡിവിഷണല്‍ കമേഴ്‌സ്യല്‍ മാനേജര്‍ അരുണ്‍തോമസ്, സീനിയര്‍ ഡിവിഷണല്‍ ഓപ്പറേഷന്‍സ് മാനേജര്‍ ബാലമുരളി, ഡിവിഷണല്‍ സിഗ്‌നല്‍ ആന്‍ഡ് ടെലി കമ്മ്യൂണികേഷന്‍സ് എന്‍ജിനീയര്‍ എല്‍ദോസ്, സീനിയര്‍ ഡിവിഷണല്‍ എന്‍ജിനീയര്‍ അഭിജിത്ത് വര്‍മ്മ എന്നിവരും ഡിവിഷണല്‍ റെയില്‍വേ മാനേജരുടെ സംഘത്തില്‍ഉണ്ടായിരുന്നു.

error: Content is protected !!