കാഞ്ഞങ്ങാട്:ചരിത്രപുരുഷനായ പ്രവാചകന്‍ ഇബ്രാഹിം നബിയുടെ മാതൃകയില്‍ ത്യാഗവും സമര്‍പ്പണവുമാണ് ബലി പെരുന്നാള്‍ നല്‍കുന്ന സന്ദേശമെന്ന് ബഷീര്‍ ശിവപുരം. വര്‍ത്തമാന കാലത്ത് സങ്കീര്‍ണ്ണമായ പ്രതിസന്ധികള്‍ തരണം ചെയ്യാനുള്ള വിശ്വാസദാര്‍ഢ്യത നേടിയെടുക്കാന്‍ വിശ്വാസികള്‍ക്ക് ബലി പെരുന്നാള്‍ ആഘോഷത്തിലൂടെ സാദ്ധ്യമാവേണ്ടതുണ്ടെന്ന് നോര്‍ത്ത് കോട്ടച്ചേരി ഹിറ മസ്ജിദില്‍ നടന്ന ബലി പെരുന്നാള്‍ കുത്തുബ പ്രഭാഷണത്തില്‍ ബശീര്‍ പറഞ്ഞു.ഇതര മതസ്ഥരുമായുള്ള സൗഹൃദം വിപുലപെടുത്താനും കുടുംബ ബന്ധങ്ങള്‍ ബലപ്പെടുത്താനും പെരുന്നാള്‍ ആഘോഷങ്ങള്‍ പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈദ് പ്രാര്‍ത്ഥനയ്ക്കും പ്രഭാഷണത്തിനും ശേഷം പരസ്പരം ആശ്‌ളേഷിച്ചും സൗഹൃദം പങ്കിട്ടുമാണ് വിശ്വാസികള്‍ പിരിഞ്ഞത്. കോട്ടച്ചേരി ബദരിയ മസ്ജിദില്‍ അബ്ദു റഹിമാന്‍ അഷറഫിയും ബസ് സ്റ്റാന്റ് നൂര്‍ മസ്ജിദില്‍ മുസമ്മില്‍ ഫൈസി ഇര്‍ഫാനിയും അതിഞ്ഞാല്‍ ജുമാമസ്ജിദില്‍ ടി.ടി.അബ്ദുള്‍ ഖാദര്‍ അസ്ഹരിയും കോയാപ്പള്ളിയില്‍ അബ്ദുര്‍ കരീം മുസലിയാരും തെക്കെപ്പുറം ജുമാമസ്ജിദില്‍ ഇര്‍ഷാദ് അസ്ഹരിയും ഇഖ്ബാല്‍ പള്ളിയില്‍ ഷംസുദ്ദീന്‍ സഅദിയും പ്രാര്‍ത്ഥനയ്ക്ക്നേതൃത്വംനല്‍കി.
ത്യാഗവും സമര്‍പ്പണവുമാണ് ബലി പെരുന്നാളിന്റെ സന്ദേശം:ബഷീര്‍ ശിവപുരം
