കാഞ്ഞങ്ങാട് :പുതിയകോട്ട യു ബി എം സി സ്കൂള്‍ മുതല്‍ കാത്തോലിക്ക ചര്‍ച്ച് വരെയുള്ള സ്ഥലത്തിന്റെ പുറകുവശത്തുള്ള മതിലും,കുന്നടക്കമുള്ള സ്ഥലങ്ങള്‍ മണ്ണിടിച്ചില്‍ ഭീഷണിയില്‍. നൂറിലധികം കുടുംബങ്ങളും കുട്ടികള്‍ അടക്കമുള്ള നിരവധി ആള്ക്കാര് യാത്രക്ക് ഉപയോഗിക്കുന്ന വഴി കഴിഞ്ഞവര്‍ഷം കാത്തലിക് ചര്‍ച്ചിന്റെ പുറകുവശം ഉള്ള മതില് ഇടിഞ്ഞുവീണതിനെത്തുടര്‍ന്ന് കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിക്കും,ഹോസ്ദുര്‍ഗ് തഹസില്‍ദാര്‍ക്കും,സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും പരാതി മൈത്രി റസിഡന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നല്കുകയുണ്ടായി.എന്നാല്‍ നാളിതുവരെ ഈ പരാതിയില്‍ മേല്‍ തുടര്‍നടപടികള്‍ ഉണ്ടായിരുന്നില്ല. കഴിഞ്ഞ വര്‍ഷം പൊട്ടി വീണ മതിലിന്റെ ബാക്കി ഭാഗം കൂടി കഴിഞ്ഞ ദിവസം രാത്രിയില്‍ മണ്ണിടിച്ചിലുണ്ടായി.രാത്രികാലമായതുകൊണ്ട് മാത്രം ജീവഹാനി സംഭവിച്ചില്ല.ഇതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ വീണ്ടും കലക്ടര്‍ക്ക് പരാതി നല്കി. ഒരു വലിയ ദുരന്തം നടക്കുന്നതിനു മുമ്പേ ഈ പരാതിക്ക് വേണ്ട നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം
